ചിക്കാഗോയിൽ വസ്തുനികുതി കുത്തനെ ഉയർന്നു; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി ആയിരക്കണക്കിന് വീട്ടുടമകൾ
ചിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയ് സംസ്ഥാനത്ത് കുക്ക് കൗണ്ടിയിൽ (Cook County) വസ്തുനികുതിയിലുണ്ടായ അസാധാരണ വർധനവ് സാധാരണക്കാരായ വീട്ടുടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. നഗരത്തിന്റെ പടിഞ്ഞാറൻ (West Side), തെക്കൻ (South Side) പ്രദേശങ്ങളിലാണ് നികുതി വർധനവ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
നികുതി വർധനവ് കണക്കുകളിൽ കുക്ക് കൗണ്ടി ട്രഷറർ മരിയ പപ്പാസിന്റെ (Maria Pappas) ഓഫീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വെസ്റ്റ് ഗാർlഫീൽഡ് പാർക്ക് (West Garfield Park) പ്രദേശത്ത് വീടുകളുടെ മീഡിയൻ വസ്തുനികുതി 133 ശതമാനമാണ് വർധിച്ചത്. കൂടാതെ നോർത്ത് ലോൺഡെയ്‌ലിൽ (North Lawndale) 99 ശതമാനവും എംഗൽവുഡിൽ (Englewood) 82 ശതമാനവും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വർധനവ് മൂലം വെസ്റ്റ് ഗാർഫീൽഡ് പാർക്കിലെ ഒരു സാധാരണ വീട്ടുടമയുടെ വാർഷിക നികുതിയിൽ ഏകദേശം 2,000 ഡോളറിന്റെയും നോർത്ത് ലോൺഡെയ്‌ലിൽ 1,900 ഡോളറിന്റെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തത്തിൽ ചിക്കാഗോ നഗരത്തിൽ വീടുകളുടെ മീഡിയൻ നികുതിബിൽ 16.7 ശതമാനം ഉയർന്നു. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ ശതമാന വർധനവാണിത്.
പ്രതിസന്ധിക്ക് കാരണം ഡൗൺടൗൺ ചിക്കാഗോയിലെ വാണിജ്യ കെട്ടിടങ്ങളുടെ മൂല്യത്തകർച്ചയും ചില പ്രദേശങ്ങളിൽ വീടുകളുടെ വില ഉയർന്നതുമാണ് നികുതിഭാരം സാധാരണക്കാരുടെ തലയിലാകാൻ പ്രധാന കാരണം. വാണിജ്യ കെട്ടിടങ്ങളിൽ നിന്നുള്ള നികുതി വരുമാനം കുറഞ്ഞതോടെ, അതിന്റെ ഭാരം മുഴുവൻ നഗരത്തിലെ മറ്റു ഭാഗങ്ങളിലെ താമസക്കാരുടെ മേൽ വന്നു ചേരുകയായിരുന്നു.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയാണ് ഈ നികുതിക്കയറ്റം സാരമായി ബാധിച്ചിരിക്കുന്നത്. പലർക്കും ബില്ലുകൾ പൂർണമായി അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. 2026 മാർച്ചിൽ പുറത്തുവന്ന പഠനപ്രകാരം വെസ്റ്റ് ഗാർഫീൽഡ് പാർക്കിലെ വസ്തുനികുതി പിരിവിന്റെ നിരക്ക് 4.1 ശതമാന പോയിന്റ് കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
വർധിച്ചുവരുന്ന ബാധ്യതകൾ 2026 ഓഗസ്റ്റിൽ പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുക്ക് കൗണ്ടിയുടെ മൊത്തം വസ്തുനികുതി ബാധ്യത വീണ്ടും 743.8 മില്യൺ ഡോളർ വർധിച്ച് 19.9 ബില്യൺ ഡോളറിലധികമായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 3.9 ശതമാനത്തിന്റെ വർധനവാണ് ഇതിലുള്ളത്. തുടർച്ചയായുള്ള ഈ നികുതിക്കയറ്റം കുറഞ്ഞ വരുമാനക്കാരുടെ വീടുകളുടെ ഉടമസ്ഥാവകാശം തന്നെ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയർത്തുന്നത്.
അതേസമയം, നികുതിബില്ലുകൾ കൃത്യമായി പരിശോധിക്കാനും അർഹമായ ഇളവുകൾ ഉറപ്പുവരുത്താനും, വസ്തുമൂല്യനിർണയത്തിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ നിയമാനുസൃതമായി അപ്പീൽ നൽകാനുമുള്ള അവസരം വീട്ടുടമകൾക്ക് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.




