ഠാണാ ചന്തക്കുന്ന് വികസനം; ഡിവൈഡർ നിർമ്മാണം നിറുത്തി വച്ച നടപടിയിൽ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും നിശിത വിമർശനം

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനത്തിൻ്റെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണം നിറുത്തി വച്ച അധികൃതരുടെ നടപടിയിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ നിശിത വിമർശനം. നിരന്തരമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് പദ്ധതിയും ഇതിൻ്റെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണവും ആരംഭിച്ചതെന്നും നഷ്ടപരിഹാരവും ഗുണഫലങ്ങളും ഈടാക്കിയ ശേഷം ചില ആളുകൾ പദ്ധതിക്കെതിരെ രംഗത്തിറങ്ങുന്നത് ശരിയല്ലെന്നും നാടിൻ്റെ പൊതുവായ പ്രശ്നമാണെന്നും ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്നും സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ വ്യക്തമാക്കി. ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴങ്ങി ഡിവൈഡർ നിർമ്മാണം നിറുത്തി വച്ചത് ശരിയായില്ലെന്നും നിർമ്മാണം പൂർത്തീകരിക്കാൻ എംഎൽഎ ഇടപെടണമെന്നും ഇല്ലെങ്കിൽ സമരങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും സിപിഐ പ്രതിനിധി കെ എസ് പ്രസാദും പറഞ്ഞു. കെഎസ്ടിപി യുടെ പദ്ധതി അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും ബാഹ്യശക്തികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങരുതെന്നും കോൺഗ്രസ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി ആവശ്യപ്പെട്ടു.ഡിവൈഡർ വേണമെന്നാണ് ജനാഭിപ്രായമെന്നും നിർമ്മാണ പ്രവ്യത്തികൾ പൂർത്തീകരിക്കണമെന്നും കേന്ദ്ര മന്ത്രിയുടെ പ്രതിനിധി ക്യപേഷ് ചെമ്മണ്ടയും ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് എത്രയോ യോഗങ്ങൾക്ക് ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും പദ്ധതി പൂർത്തീകരിക്കരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്നും വിഷയത്തിൽ കഴിഞ്ഞ ദിവസം എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന നടന്ന യോഗം ജനപ്രതിനിധികളെയോ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയോ അറിയിച്ചിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി വിമർശിച്ചു. നിലവിൽ ഉള്ള ഡിപിആറിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നും നാടിനെ ഒരുമയോടെ കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും വിഷയത്തിൽ ഔദ്യോഗികമായ യോഗം വിളിച്ചിട്ടില്ലെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ വ്യക്തമാക്കി. യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ എ ശ്രീനിവാസ് സ്വാഗതം പറഞ്ഞു.


