Skip to content
November 12, 2026
⌕

താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്,അന്വേഷണം നടത്തും.

November 12, 2026
Share this post to

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ തേടിയെത്തിയ യുവതിക്ക് ചികിത്സാ പിഴവ് സംഭവിച്ചു എന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിനും ശക്തമായ നടപടിക്കും നിർദ്ദേശം നൽകിയതായി ചാവക്കാട് നഗരസഭാ ചെയർമാൻ എ. എച്ച്. അക്ബർ അറിയിച്ചു.

സംഭവത്തിന്റെ സത്യാവസ്ഥ എത്രയും വേഗം പുറത്തുകൊണ്ടുവരുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറുമായും ആശുപത്രി സൂപ്രണ്ടുമായും അദ്ദേഹം നേരിട്ട് ആശയവിനിമയം നടത്തുകയും ഉടനടി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

​അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ചികിത്സാ വീഴ്ചയോ അനാസ്ഥയോ സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ അതിന് ഉത്തരവാദികളായവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ചെയർമാൻ എ എച്ച് അക്ബർ വ്യക്തമാക്കി.

ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ആഗസ്റ്റ് 19-നാണ് ഇവർക്ക് താലൂക്ക് ആശുപത്രിയിൽ പ്രസവം നടന്നത്. പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഗർഭാശയത്തിൽ തുന്നലിട്ടിരുന്നു. ഈ സമയത്ത് പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് പ്രധാന ആരോപണം.

തുടർന്ന് പലതവണ കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെങ്കിലും പഴുപ്പിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നുവെന്നും കൃത്യമായി പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും കുടുംബം പരാതിപ്പെടുന്നു. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കാണിച്ച് സ്കാൻ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞി ഉള്ളതായി തിരിച്ചറിഞ്ഞത്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വെച്ചാണ് ഈ പഞ്ഞി പുറത്തെടുത്തത്. നാൽപ്പത്തിമൂന്ന് ദിവസത്തോളം ഉള്ളിൽ പഞ്ഞിയുമായി ശാരീരിക ബുദ്ധിമുട്ടുകളുമായി ഇവർ കഴിഞ്ഞത്. പരാതിയുമായി ചെന്നപ്പോൾ ഡോക്ടർ അനുനയത്തിന് ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.

എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ബന്ധപ്പെട്ട ഡോക്ടർ രംഗത്തെത്തി. പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അതിന് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് ഇപ്പോൾ വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് ഡോ. ഡിറ്റോയുടെ വാദം. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചാണ് ചികിത്സ നടത്തിയതെന്നും യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു. സംഭവത്തിൽ പരാതി അന്വേഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ.) നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ടും അറിയിച്ചു.

Get more updates from Pudukad News on Google