കുവൈത്തിൽ ഈ വർഷത്തെ ക്യാമ്പിംഗ് സീസൺ അനിശ്ചിതത്വത്തിൽ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളും പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി കുവൈത്തിലെ ഈ വർഷത്തെ ക്യാമ്പിംഗ് സീസൺ സംബന്ധിച്ച തീരുമാനത്തിൽ അനിശ്ചിതത്വം തുടരുന്നു.
ക്യാമ്പിംഗ് സീസൺ റദ്ദാക്കിയതായി നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും, നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സീസൺ ആരംഭിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
മേഖലയിൽ തുടരുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ക്യാമ്പിംഗ് സീസൺ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സീസൺ പുനരാരംഭിക്കുന്ന തീയതി സംബന്ധിച്ച് ഔദ്യോഗിക ചാനലുകളിലൂടെ പിന്നീട് അറിയിപ്പ് നൽകുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
നേരത്തെ, സുരക്ഷാ കാരണങ്ങളാൽ ഈ വർഷത്തെ ക്യാമ്പിംഗ് സീസൺ റദ്ദാക്കാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചതായി കുവൈത്ത് വാർത്താ ഏജൻസി (കുന) റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ റിപ്പോർട്ട് പിൻവലിക്കുകയായിരുന്നു.
2026 ഫെബ്രുവരി 28-ന് മേഖലയിൽ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷത്തെ ക്യാമ്പിംഗ് സീസൺ നിശ്ചയിച്ചതിലും രണ്ടാഴ്ച മുമ്പ് അപ്രതീക്ഷിതമായി അവസാനിപ്പിച്ചിരുന്നു.




