ചിറ്റൂർ: യുവാവിനെ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. പൊൽപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശി ശരത് (35) ആണ് മരിച്ചത്. സംഭവത്തിൽ ശരത്തിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ പൊൽപ്പുള്ളി വടക്കംപാടം സ്വദേശി പ്രമോദ് കുമാറിനെ (41) ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം പൊൽപ്പുള്ളി കെവിഎംയുപി സ്‌കൂളിന് സമീപമായിരുന്നു സംഭവം.
പ്രമോദ് കുമാറും ഭാര്യ രാജിയും വർഷങ്ങളായി അകന്നു കഴിയുകയാണ്. സ്കൂളിൽ പഠിക്കുന്ന മകനെ വീട്ടിലെത്തിക്കാൻ രാജി സഹോദരീഭർത്താവായ ശരത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുട്ടിയുമായി മടങ്ങുകയായിരുന്ന ശരത്തിനെ, അവിടെ നിർമ്മാണ ജോലിയിലായിരുന്ന പ്രമോദ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രമോദ് തന്റെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ ആഞ്ഞുകുത്തുകയായിരുന്നു.
Also Read: ബൈക്കിടിച്ച് വീഴ്ത്തി സ്വർണം തട്ടിയെടുക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ശരത്തിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. നേരത്തെ ഭാര്യയെ മർദ്ദിച്ച കേസിലും പ്രതിയായ പ്രമോദ്, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മരിച്ച ശരത് പൊൽപ്പുള്ളിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ്.
The post ചിറ്റൂരിൽ യുവാവിനെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി; ബന്ധു അറസ്റ്റിൽ appeared first on Express Kerala.



