Skip to content
November 15, 2026
⌕

കാസര്‍കോട് പരിപാടിയില്‍ നിന്ന് സ്പീക്കര്‍ വിട്ടുനിന്ന സംഭവം. സംഘാടകരുടെ ഭാഗത്തുനിന്ന് അവസാന നിമിഷം വരെ കൃത്യമായ സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് യാത്ര റദ്ദാക്കിയതെന്നു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവസാനത്തെ നിമിഷം വരെ സ്ഥിരീകരണത്തിന് കാത്തിരുന്നു. രാത്രി ഒമ്പതരയ്ക്കും എനിക്ക് ആ കണ്‍ഫര്‍മേഷന്‍ കിട്ടാതെ വന്നപ്പോളാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്തത്.

November 14, 2026
Share this post to

കോട്ടയം: കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിട്ടുനിന്നതില്‍ വിശദീകരണവുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘാടകരുടെ ഭാഗത്തുനിന്ന് അവസാന നിമിഷം വരെ കൃത്യമായ സ്ഥിരീകരണം ലഭിക്കാത്തതിനാലാണു യാത്ര റദ്ദാക്കിയതെന്നു സ്പീക്കര്‍ വിശദീകരിച്ചു.

പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും അതിനായി റെയില്‍വേ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും സ്പീക്കര്‍ പറഞ്ഞു. കാസര്‍കോട് പരിപാടിക്ക് ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ കണ്ണൂരിലെയും വടകരയിലെയും യോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു പദ്ധതി.

എന്നാല്‍, പരിപാടിയുടെ തലേന്ന് രാത്രി ഒമ്പതരയായിട്ടും സംഘാടകരില്‍ നിന്ന് അന്തിമ സ്ഥിരീകരണം ലഭിച്ചില്ല. ഇതോടെയാണ് എടുത്ത ടിക്കറ്റ് റദ്ദാക്കിയത്. പിറ്റേന്ന് വന്ദേഭാരതു ട്രെയിനില്‍ യാത്ര ചെയ്ത് കണ്ണൂരിലെയും വടകരയിലെയും പരിപാടികളില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷമാണ് താന്‍ ഈ വിവാദത്തെക്കുറിച്ച് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ജില്ലയിലെ പരിപാടികളില്‍ നിന്നു പ്രമുഖര്‍ വിട്ടുനില്‍ക്കുന്നത് തുടര്‍ക്കഥയാവുകയാണെന്നും ഇതു ജില്ലയോടുള്ള അവഗണനയാണെന്നും എ.കെ. അഷ്‌റഫ് എം.എല്‍.എ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കലാകാരന്മാരുടെ കൂട്ടായ്മയും സ്പീക്കറുടെ അസാന്നിധ്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ സ്പീക്കറുടെ വാദങ്ങളെ പൂര്‍ണമായും തള്ളുന്ന നിലപാടാണു പരിപാടിയുടെ സംഘാടകരായ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്വീകരിച്ചത്.
ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് സി.പി.എമ്മും സംസ്ഥാന ഭരണം യു.ഡി.എഫും ആയതിനാലുള്ള രാഷ്ട്രീയ ഭിന്നതയാണ് സംഭവത്തിന് പിന്നിലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

എന്നാല്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഏതാനും ദിവസം മുന്‍പ് കാസര്‍കോട് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ വെച്ച് പ്രതിമ അനാച്ഛാദനം ചെയ്യിക്കാന്‍ തങ്ങള്‍ ശ്രമിച്ചില്ലെന്നും, വിഷയത്തെ രാഷ്ട്രീയമായി കണ്ടിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് നേതൃത്വം വിശദീകരിക്കുന്നു.

Get more updates from Pudukad News on Google