
മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണി പരിശീലനം നടത്തുന്നവർക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് പദ്ധതിയിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഗുണഭോക്താവാകാനുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഈ മാറ്റത്തോടെ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. അർഹരായ ആദ്യത്തെ അഞ്ച് ലക്ഷം അപേക്ഷകർക്കാണ് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുക.
യുപിഎസ്‌സി, പിഎസ്‌സി, ബാങ്കിംഗ്, റെയിൽവേ, പ്രതിരോധ സേനകൾ തുടങ്ങിയ വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പരീക്ഷകൾക്ക് അപേക്ഷ നൽകി തയ്യാറെടുക്കുന്നവർക്ക് ഈ പദ്ധതി വലിയ സഹായമാകും. കൂടാതെ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നൈപുണി പരിശീലനം നടത്തുന്നവർക്കും അപേക്ഷിക്കാം. കേരളത്തിൽ സ്ഥിരതാമസക്കാരായ, 18 നും 30 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. സ്കോളർഷിപ്പ് തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഗ്രാമീണ മേഖലകളിലെയും ഇടത്തരം കുടുംബങ്ങളിലെയും ഉദ്യോഗാർത്ഥികളെ തൊഴിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സ്കോളർഷിപ്പ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.
The post കണക്ട് ടു വർക്ക് സ്കോളർഷിപ്പ്; വരുമാന പരിധി അഞ്ചുലക്ഷമായി ഉയർത്തി appeared first on Express Kerala.



