പഴയ ചെമ്പ് വയറുകള്‍ മാറ്റി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അമേരിക്കയിലുടനീളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണമായതെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി. 2001 സെപ്റ്റംബര്‍ 11-ന് ശേഷമുള്ള ഏറ്റവും വലിയ വ്യോമഗതാഗത തടസ്സത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ എ.ഐ ഇടപെടലോ ഇല്ലെന്ന് എഫ്.എ.എ, രാജ്യത്തെ പഴഞ്ചന്‍ സംവിധാനങ്ങള്‍ നവീകരിക്കാന്‍ 30.1 ബില്യണ്‍ ഡോളര്‍ അടിയന്തരമായി അനുവദിക്കണമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇടയാക്കിയ വ്യോമഗതാഗത സ്തംഭനത്തിന് കാരണം പഴയ ചെമ്പ് വയറുകള്‍ നവീകരിക്കുന്നതിനിടെയുണ്ടായ സാങ്കേതിക പ്രശ്നമാണെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വ്യക്തമാക്കി.
അറ്റകുറ്റപ്പണികള്‍ നടത്തിയ കമ്പനിയുടെ കാര്യക്ഷമതയില്ലായ്മയാണോ അതോ ഉപകരണങ്ങളുടെ തകരാറാണോ ഇതിന് പിന്നിലെന്ന് സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണെന്നും, ഇതിന് പിന്നില്‍ സൈബര്‍ ആക്രമണമുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ വിമാന വിലക്കിന്റെ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍.
എല്‍3ഹാരിസ് എന്ന സാങ്കേതിക കമ്പനിയുടെ നേതൃത്വത്തില്‍ പഴയ ചെമ്പ് വയറുകള്‍ മാറ്റി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനിടെ ഒരു റൂട്ടറില്‍ നിന്നുണ്ടായ അമിത വിവരപ്രവാഹം മറ്റ് എയര്‍ ട്രാഫിക് കണ്ട്രോള് സംവിധാനങ്ങളെ ബാധിക്കുകയും വിമാനങ്ങളുമായുള്ള ആശയവിനിമയം തടസ്സപ്പെടുകയും ചെയ്തതോടെയാണ് സുരക്ഷാ കാരണങ്ങളാല്‍ വ്യോമപാത അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
സംഭവത്തില്‍ ദുരൂഹമായതോ നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ടതോ ആയ യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് മേധാവി ബ്രയാന്‍ ബെഡ്ഫോര്‍ഡ് വ്യക്തമാക്കിയപ്പോള്‍, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്ന ജോലികളുടെ 70 ശതമാനത്തിലധികം പൂര്‍ത്തിയാക്കിയിരുന്നതായും എഫ്.എ.എയുടെ അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും എല്‍3ഹാരിസ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3:54 മുതല്‍ നാല് മണിക്കൂറിലധികം നേരം അമേരിക്കയില്‍ നിന്ന് ഒരു വിമാനത്തിനും പറന്നുയരാന്‍ അനുമതി നല്‍കിയിരുന്നില്ല.
ഫ്ലൈറ്റ് അവെയര്‍ കണക്കുകള്‍ പ്രകാരം ശനിയാഴ്ച മാത്രം അമേരിക്കയില്‍ 3,500-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും 2,000-ത്തിലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തു, പല വിമാനത്താവളങ്ങളിലും യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യവുമുണ്ടായി.
എയര്‍ ട്രാഫിക് കണ്ട്രോള് സംവിധാനങ്ങള്‍ നവീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസ് തുക അനുവദിച്ചില്ലെങ്കില്‍ സമാനമായ പ്രതിസന്ധി ഇനിയും ആവര്‍ത്തിക്കാമെന്ന് മുന്നറിയിപ്പ് നല്കിയ ഷോണ്‍ ഡഫി, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ട 30.1 ബില്യണ്‍ ഡോളര്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.
നാലര മണിക്കൂറിനുള്ളില്‍ സംവിധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെങ്കിലും നാളെയും ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് മുന്‍ ടി.എസ്.എ അഡ്മിനിസ്ട്രേറ്റര്‍ ജോണ്‍ പിസ്റ്റോളും അഭിപ്രായപ്പെട്ടു.




