മരുഭൂമിയിൽ വർണ്ണവസന്തം വിരിയിച്ച് കല ആർട്ട് ‘നിറം 2026’; ചായക്കൂട്ടുകളിൽ വിസ്മയം തീർത്ത് രണ്ടായിരത്തിലധികം കുരുന്നുകൾ

കുവൈറ്റ്: മരുഭൂമിയുടെ മണ്ണിൽ വർണ്ണങ്ങളുടെ വസന്തം വിരിയിച്ചുകൊണ്ട് കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ‘നിറം 2026’ ശിശുദിന ചിത്രരചനാ മത്സരം ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി.

ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മാമാങ്കത്തിന്റെ 22-ാം പതിപ്പ് നവംബർ 13 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചാണ് അരങ്ങേറിയത്.

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് മെട്രോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ വർണ്ണോത്സവത്തിൽ, എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള നാല് വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുരുന്നുകളാണ് തങ്ങളുടെ ഭാവനയ്ക്ക് ചായം പകർന്നത്.
ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മെട്രോ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത നിർവഹിച്ചു. ചിത്രരചനയ്ക്ക് പുറമെ ഏഴ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്ലേ സ്കൾപ്ചർ (കളിമൺ ശിൽപനിർമ്മാണം) മത്സരവും, രക്ഷിതാക്കൾക്കും സന്ദർശകർക്കുമായി പ്രത്യേക ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിരുന്നു.

ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് മോനാ ഹസ്സൻ മൊഹമ്മദ് ഓപ്പൺ ക്യാൻവാസ് മത്സരം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്കൊപ്പം അറബ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അണിനിരന്നതോടെ സ്കൂൾ അങ്കണം അക്ഷരാർത്ഥത്തിൽ ഒരു ആഗോള കലാവേദിയായി മാറി. കുട്ടികളുടെ സർഗ്ഗശേഷിക്ക് പ്രോത്സാഹനമേകാൻ നിരവധി രക്ഷിതാക്കളും ക്യാൻവാസിൽ നിറങ്ങൾ ചാലിച്ചത് ശ്രദ്ധേയമായി.

കല (ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി.പി, ജനറൽ സെക്രട്ടറി അനീച ഷൈജിത്, പ്രോഗ്രാം ജനറൽ കൺവീനർ രാഗേഷ് പി.ഡി, ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അസ്‌ലം, ട്രഷറർ കനകരാജൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മെട്രോ ഹൈപ്പർമാർക്കറ്റ് പ്രതിനിധികളായ കോകില, അഞ്ജന, സാമൂഹിക പ്രവർത്തകരായ അനിയൻ കുഞ്ഞു പാപ്പച്ചൻ, നജീബ്, ഹനീഫ്, ഷംസു, ഷാജി, പ്രമുഖ ആർട്ടിസ്റ്റുമാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ എന്നിവരും കല (ആർട്ട്) എക്സിക്യൂട്ടീവ് അംഗങ്ങളായ സിസിത ഗിരീഷ്, അജിത് കുമാർ, ഷൈജിത്ത്, അനീഷ് വർഗീസ്, സുനിൽ കുമാർ, ജോണി കുമാർ, ബാബു സി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ശ്രുതി, സഞ്ജന എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

മത്സരഫലങ്ങൾ ഡിസംബർ ഒന്നിന് ദൃശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net എന്ന വെബ്സൈറ്റിലൂടെയും പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഓരോ ഗ്രൂപ്പിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും, ആകെ പങ്കെടുത്തവരുടെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഡിസംബർ 11-ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കും.




