ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തകർന്നു. 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ സൂപ്പർ ടാങ്കറാണ് വലിയ സ്ഫോടനത്തെ തുടർന്ന് മുങ്ങിയത്. ഇറാൻ റെവല്യൂഷണറി ഗാർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തകർന്നു. 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ സൂപ്പർ ടാങ്കറാണ് വലിയ സ്ഫോടനത്തെ തുടർന്ന് മുങ്ങിയത്. ഇറാൻ റെവല്യൂഷണറി ഗാർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ കപ്പലിന്റെ പേര്, പതാക, ഉടമസ്ഥത, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മൈൻ ആക്രമണം ഉണ്ടായതെന്നാണ് റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ചുള്ള ഇറാൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്ന ഇറാനുമായുള്ള ധാരണ ലംഘിച്ച് മേഖലയിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകൾക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂപ്പർ ടാങ്കറിന് പുറമേ മറ്റൊരു കപ്പലും ആക്രമണത്തിനിരയായിട്ടുണ്ട്.
അപകടത്തെ തുടർന്ന് മുങ്ങിപ്പോയ ടാങ്കറിന്റെ അവശിഷ്ടങ്ങളിൽ ഇടിച്ച് മറ്റ് അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കും മത്സ്യത്തൊഴിലാളികൾക്കും ഇറാൻ സുരക്ഷാ നിർദേശവും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.




