
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് (X) പ്ലാറ്റ്‌ഫോമിലെ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ട് വഴി യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ ലൈംഗികച്ചുവയോടെ എഡിറ്റ് ചെയ്യുന്നത് കമ്പനി ഔദ്യോഗികമായി നിരോധിച്ചു. വസ്ത്രധാരണം കുറഞ്ഞ രീതിയിലോ അശ്ലീലമായോ ചിത്രങ്ങൾ മാറ്റണമെന്ന ഉപയോക്താക്കളുടെ അഭ്യർത്ഥനകൾ ഇനി മുതൽ ഗ്രോക്ക് നിരസിക്കും. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുട്ടികളുടെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഡീപ്ഫേക്ക് വഴി ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഗോള പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
പണമടച്ചുള്ള സബ്‌സ്‌ക്രൈബർമാർക്ക് ഉൾപ്പെടെ ഈ നിയന്ത്രണം ബാധകമാണെന്ന് എക്‌സ് സേഫ്റ്റി ടീം വ്യക്തമാക്കി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നിയമപാലകരുമായി സഹകരിച്ച് അത്തരം അക്കൗണ്ടുകൾ ശാശ്വതമായി റദ്ദാക്കുമെന്നും കമ്പനി അറിയിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം നിർമ്മിക്കാൻ പ്രേരിപ്പിക്കുന്നവർക്കും അപ്‌ലോഡ് ചെയ്യുന്നവർക്കും ഒരേപോലെ പ്രത്യാഘാതങ്ങൾ ഇനി നേരിടേണ്ടി വരും.
Also Read: ഷോർട്‌സ് അഡിക്ഷന് പൂട്ടിടാം; കുട്ടികൾക്ക് കണ്‍ട്രോള്‍ നിയന്ത്രണങ്ങളുമായി യൂട്യൂബ്
ഗ്രോക്ക് ഇത്തരത്തിൽ പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങൾ നിർമ്മിച്ചിരുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മസ്‌ക് വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് മാത്രമേ എഐ പ്രവർത്തിക്കാവൂ എന്നതാണ് തന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എക്‌സ് പ്രീമിയം ഉപയോക്താക്കൾക്ക് പരിധിയില്ലാതെ ചിത്രം നിർമ്മിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിലെയും മറ്റും അന്വേഷണ ഏജൻസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
The post പൂട്ട് വീണു; എഐ വഴി ഇനി അശ്ലീല ചിത്രങ്ങൾ നിർമ്മിക്കാനാവില്ല appeared first on Express Kerala.



