സുഹൃത്തിനൊപ്പം പുറത്തുപോയ യുവതിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം, സുഹൃത്ത് കസ്റ്റഡിയിൽ | Woman Found Dead

ഗോണ്ടിയ: ദീപാവലി ആഘോഷത്തിനായി സ്വന്തം വീട്ടിലെത്തിയ 35-കാരിയെ മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് സ്വദേശിനിയായ വർഷ തുർക്കർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിതേഷ് അഗർവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.(Woman Found Dead in Gondia Forest After Outing With Friend Cops Probe Murder Angle)
രണ്ടര വയസ്സുള്ള മകൾക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് വർഷ ബാലാഘട്ടിലെ സ്വന്തം വീട്ടിലെത്തിയത്. 2024-ൽ വിവാഹിതയായ ഇവരുടെ ഭർത്താവ് ഇൻഡോറിലാണ് താമസിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വർഷ സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം വൈൻഗംഗ നദീതീരത്തേക്ക് പോയത്. മണിക്കൂറുകൾക്ക് ശേഷം ഒരു അപകടമുണ്ടായതായി നിതേഷ് വർഷയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയിലുള്ള ബോന്ദ്രാണി വനമേഖലയിൽ ബന്ധുക്കൾ എത്തുമ്പോൾ വർഷ ഗുരുതരമായി രക്തം വാർന്ന നിലയിലായിരുന്നു. ഉടൻ തന്നെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സ്ഥിരീകരിച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് വർഷയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം തങ്ങളെ ആക്രമിച്ച് കൊള്ളയടിച്ചുവെന്നാണ് നിതേഷ് അഗർവാൾ പൊലീസിനോട് പറഞ്ഞത്.
എന്നാൽ, ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും നിതേഷിന് നിസ്സാരമായ പരിക്കുകൾ പോലുമില്ലാത്തത് പൊലീസിൽ സംശയമുണ്ടാക്കി. ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് പൊലീസ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്നും, കവർച്ചാ ശ്രമമാണോ അതോ ആസൂത്രിത കൊലപാതകമാണോ എന്ന് എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
Story Summary
A 35-year-old woman, Varsha Turkar, who visited her maternal home in Madhya Pradesh for Diwali, was found fatally injured with sharp-weapon wounds in the Bondrani forest area of Maharashtra’s Gondia district after going out with a friend, Nitesh Agrawal. Police have detained Agrawal for questioning after noticing major inconsistencies in his claim of a masked robbery, particularly given that he escaped completely unharmed.




