അച്ഛനെ മർദിച്ച് ഹോട്ടൽ ജീവനക്കാർ; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വഴിയോര ഹോട്ടൽ അടിച്ചുതകർത്ത് സഹോദരിമാർ

വാരാണസി: അച്ഛനെ മർദിച്ചെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരോട് പ്രതികാരം ചെയ്യാൻ വഴിയോര ഹോട്ടൽ അടിച്ചുതകർത്ത് സഹോദരിമാർ. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. യുവതികൾ ഹോട്ടലിലെത്തി ഭക്ഷണസാധനങ്ങളും പാത്രങ്ങളും നശിപ്പിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നവംബർ നാലിന് യുവതികളുടെ അച്ഛനും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ ജീവനക്കാർ അദ്ദേഹത്തെ മർദിച്ചെന്നാണ് ആരോപണം. സംഭവത്തിൽ കുടുംബം ഭേലുപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ പ്രകോപിതരായാണ് യുവതികൾ ഹോട്ടലിലെത്തി അതിക്രമം നടത്തിയതെന്നാണ് വിവരം.
സ്കൂട്ടറിലെത്തിയ യുവതികളിലൊരാൾ ആദ്യം ഹോട്ടലും പരിസരവും മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നാലെ മറ്റൊരു യുവതി ഹോട്ടലിലേക്ക് ഓടിക്കയറി ഭക്ഷണം തയ്യാറാക്കാൻ സൂക്ഷിച്ചിരുന്ന മാവ് നിറച്ച പാത്രം മറിച്ചിട്ടു.
തുടർന്ന് ജീവനക്കാരുടെ ദേഹത്തേക്ക് വെള്ളമൊഴിക്കുകയും പാത്രങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. ഹോട്ടൽ അടച്ചുപൂട്ടണമെന്ന് ആക്രോശിച്ച യുവതി ജീവനക്കാരെ കൈയേറ്റം ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് കുട്ടികളുണ്ടെന്നും ബഹളം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട സ്ത്രീയോടും യുവതി കയർത്തു. പിന്നീട് കൂടുതൽ നാട്ടുകാർ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. യുവതികൾ സംസാരിക്കാൻ തയ്യാറായില്ലെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.
ഹോട്ടൽ ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഗൗരവ് കുമാർ അറിയിച്ചു.




