‘മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ;’ സംഗീതലോകത്ത് 15 വർഷം പൂർത്തിയാക്കി അനിരുദ്ധ് രവിചന്ദർ | Anirudh Ravichander 15 years in music

സംഗീതലോകത്തെ തന്റെ യാത്രയ്ക്ക് 15 വർഷം പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. സംഗീതവും ഓർമകളും ആവേശവും നിറഞ്ഞ ഈ യാത്രയിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച താരം, മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും കുറിച്ചു. കഴിഞ്ഞ ആഴ്ച ഗ്രീസിൽ വെച്ച് കാവ്യ മാരനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് അനിരുദ്ധിന്റെ ഈ കുറിപ്പ്. (Anirudh Ravichander 15 years in music)
15 വർഷം മുമ്പ് തങ്ങളുടെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെയാണ് യാത്ര തുടങ്ങിയതെന്ന് അനിരുദ്ധ് പറഞ്ഞു. തമിഴിൽ തുടങ്ങി തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലേക്ക് സംഗീതം വ്യാപിച്ചു. സ്വതന്ത്ര സംഗീതം, അന്താരാഷ്ട്ര കലാകാരന്മാരുമായുള്ള സഹകരണം, നിരവധി സിനിമകളുടെ ഭാഗമാകാനുള്ള അവസരം എന്നിവയെല്ലാം ഈ കാലയളവിൽ ലഭിച്ച നേട്ടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ സംവിധായകർ, താരങ്ങൾ, നിർമാതാക്കൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനായതും കോടിക്കണക്കിന് ആളുകളിലേക്ക് സംഗീതം എത്തിക്കാനായതും വലിയ സന്തോഷമാണെന്ന് അനിരുദ്ധ് കുറിച്ചു. സ്ട്രീമിങ് റെക്കോർഡുകൾ, സംഗീതച്ചാർട്ടുകളിലെ നേട്ടങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേഡിയം സംഗീതപരിപാടികൾ എന്നിവയെല്ലാം സ്വപ്നം കണ്ടതിനപ്പുറമുള്ള അനുഭവങ്ങളായിരുന്നുവെന്നും താരം പറഞ്ഞു.
View this post on Instagram
ഓരോ നേട്ടത്തിനും വെല്ലുവിളിക്കും ശേഷവും സംഗീതത്തോടുള്ള അതേ ആവേശത്തോടെ മുന്നോട്ടുപോയെന്നും ഒരു ദിവസം പോലും ഇടവേളയെടുക്കാതെ പ്രവർത്തനം തുടരാനാണ് ആഗ്രഹമെന്നും അനിരുദ്ധ് വ്യക്തമാക്കി. പാട്ടുകൾ കേട്ടും പാടിയും പിന്തുണച്ച പ്രേക്ഷകരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. 15 വർഷം പിന്നിട്ടെങ്കിലും ഇനിയും നിരവധി സ്വപ്നങ്ങൾ ബാക്കിയുണ്ടെന്നും പുതിയ സംഗീതത്തിനായി സ്റ്റുഡിയോയിലേക്ക് മടങ്ങുകയാണെന്നും കുറിച്ചാണ് അനിരുദ്ധ് കുറിപ്പ് അവസാനിപ്പിച്ചത്. ‘വേലൈ ഇല്ല പട്ടധാരി’, ‘കത്തി’, ‘പേട്ട’, ‘മാസ്റ്റർ’, ‘വിക്രം’, ‘ജയിലർ’, ‘ലിയോ’, ‘വേട്ടയ്യൻ’, ‘കൂലി’, ‘ജനനായകൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അനിരുദ്ധ് ശ്രദ്ധേയമായ സംഗീതസംവിധായകനായി മാറി. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ രജനികാന്ത് തുടങ്ങിയ പ്രമുഖരും കാവ്യ മാരനുമായുള്ള വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
Summary: Music composer Anirudh Ravichander celebrated 15 years in the music industry with an emotional social media note, thanking fans and collaborators for their support. Following his recent wedding to Kavya Maran in Greece, he described the milestone as just the beginning and said his best work is yet to come.




