Skip to content
November 17, 2026
⌕

“മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ്”: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്ത് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ് | V Abdurahiman

November 16, 2026
Share this post to
V Abdurahiman

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്ത് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു (V Abdurahiman). അഴിമതി നിരോധന നിയമപ്രകാരം അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഗവർണർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) കേസ് അന്വേഷിക്കുന്നത്. അബ്ദുറഹിമാനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനും ഉൾപ്പെടെയുള്ളവരാണ് നിലവിൽ കേസിലെ പ്രതികൾ. സ്പോൺസർക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി അബ്ദുറഹിമാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

അതേസമയം, മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ നികുതിവെട്ടിപ്പ് അന്വേഷണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടു. ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന കമ്പനിയുടെ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ആവശ്യപ്പെട്ട രേഖകളുമായി വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കമ്പനിക്ക് കോടതി നിർദേശം നൽകി.

മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതിനായി വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ വൻതോതിൽ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ജിഎസ്ടി വിഭാഗത്തിന്റെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ ഏകദേശം 25.78 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണച്ചുമതലയുള്ള കൊല്ലം ജിഎസ്ടി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ആവശ്യപ്പെട്ട രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഈ നോട്ടീസ് ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

Story Summary:
The Kerala government has ordered an investigation naming former Sports Minister V. Abdurahiman as an accused in the Messi-related financial dealings case. Separately, the High Court declined to stay a GST Intelligence summons issued to Reporter Broadcasting Company, directing it to appear with the required documents. A preliminary GST investigation reportedly estimated tax evasion of around ₹25.78 crore.

Get more updates from Pudukad News on Google