ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; നിക്ഷേപകരുടെ റിലേ സത്യാഗ്രഹം തുടങ്ങി; അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ മൗനം വെടിയണമെന്നും ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച എം പി ജാക്സനെ സഹായിക്കാനാ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകർ നേരിടുന്ന പ്രതിസന്ധി വിഷയത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ മൗനം വെടിയണമെന്ന് മുൻ മന്ത്രി ഡോ ആർ ബിന്ദു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിക്ഷേപകർ ബാങ്ക് അങ്കണത്തിൽ ആരംഭിച്ച റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുൻ മന്ത്രി. ഡിവൈഡർ പാടില്ലെന്ന് പറഞ്ഞ സെൻ്റ് തോമസ് കത്തീഡ്രൽ വികാരിയും ഒന്നും മിണ്ടിയിട്ടില്ല. രൂപതയുടെ കോടികളാണ് ബാങ്കിൽ നിക്ഷേപമായിട്ടുളളത്. ടൗൺ ബാങ്ക് ഭരണത്തെ തറവാട് സ്വത്ത് പോലെ കൊണ്ട് നടക്കുകയും ജോലികളിൽ സിൽബന്ധികളെ കുത്തിക്കയറ്റുകയും ബാങ്കിനെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്ത എം പി ജാക്സനെ സഹായിക്കാനാണ് അഡ്മിനിസ്ട്രേറ്റർ കസേരയിൽ ഇരിക്കുന്നത്. ബാങ്കിനെ രക്ഷിക്കാനുള്ള ഉപായങ്ങൾ ഒന്നും അഡ്മിനിസ്ട്രേറ്റർക്ക് ഇല്ല. ബാങ്കിനെ പ്രതിസന്ധിയിലേക്ക് നയിച്ച കുറ്റവാളികൾക്ക് എതിരെ ഒരു നടപടിയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എടുത്തിട്ടില്ല. പട്ടണത്തിലെ വിവിധ സ്ഥാപനങ്ങളെ എകാധിപത്യ ശൈലിയിൽ കൈകാര്യം ചെയ്ത എം പി ജാക്സൻ ജനവിധി തേടി നഗരസഭ ചെയർമാൻ്റെ കസേരയിൽ ഇരിക്കുകയാണ്. തമിഴ്നാടിലെ തൂത്തുക്കുടിയിൽ നടത്തിയ നിർമ്മാണ പ്രവർത്തനത്തിൻ്റെ പേരിൽ കെഎസ്ഇ കമ്പനിയിൽ നിന്നും എം പി ജാക്സൻ ഒഴിവാക്കപെട്ടുവെന്നാണ് അറിയുന്നത്. വിവിധ ജില്ലകളിലെ ചതുപ്പ് നിലങ്ങൾ ഈട് വച്ച് കോടികളാണ് ലോൺ നൽകിയിരിക്കുന്നത്. കരുവന്നൂർ ബ്രാഞ്ചിൽ വ്യാജരേഖകൾ ചമച്ച് കോടികളാണ് മണി ശരവണൻ, ഹിത എന്നിവർ തട്ടിയെടുത്തത് .കരുവന്നൂർ ബാങ്കിൻ്റെ വിഷയത്തിൽ പദയാത്ര നടത്തിയ എംപി സുരേഷ് ഗോപിയെയും കാണാനില്ല. ബാങ്കിൻ്റെ എല്ലാ ഫയലുകളിലും ഫൊറൻസിക് ഓഡിറ്റ് നടത്താൻ തയ്യാറാകണം. ബാങ്കിൻ്റെ കൈവശമുള്ള 200 കോടിയിൽ നിന്നും നിക്ഷേപകർക്ക് ആശ്വാസ നടപടിയായി പണം നൽകണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു. നിക്ഷേപകകൂട്ടായ്മയുടെ ഭാരവാഹികളായ ലിയോ പി ആൻ്റോ, ടോയി വാറുണ്ണി എന്നിവരാണ് റിലേ നിരാഹാരം നടത്തുന്നത് . ഇരിങ്ങാലക്കുട നഗരസഭ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകുമാറും സംസാരിച്ചു.




