ചേർപ്പ് ചന്തയിലെ വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കൽ ആരംഭിച്ചു, പഞ്ചായത്ത്, നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ.

ചേർപ്പ്: ചന്ത നവീകരണത്തിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങി. രണ്ട് കടകൾ പൂട്ടി സീൽ ചെയ്തു. ഹൈക്കോടതിയിൽ മറ്റു വ്യാപാര ഉടമകൾ നൽകിയ കേസ് നിലനിൽക്കുന്നതിനാൽ 19 ന് ശേഷമെ മറ്റു കടകളുടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കു. സംഭവത്തിൽ ചേർപ്പ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ വ്യാപാരികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബലമായി കട ഒഴിപ്പിക്കാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച ചേർപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ, ജന. സെക്രട്ടറി പി. അരുൺ , യൂത്ത് വിംഗ് പ്രസിഡന്റ കെ.ജി. രതീഷ്, ചന്തയിലെ തുണിക്കട വ്യാപാരിയായ സത്യൻ ഉൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നിട് ഇവരെ ജാമ്യത്തിൽ വിട്ടു. കട ഒഴിഞ്ഞു നൽകാൻ തയ്യാറാകാതിരുന്ന അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന ചേർപ്പ് തളിക്കുളം വീട്ടിൽ റോബിൻസണിനെ ബലം പ്രയോഗിച്ച് പോലീസ് നീക്കുന്നതിനിടയിൽ ഇയാൾ കുഴഞ്ഞു വീഴുകയും പോലീസ് ജീപ്പിൽ ചേർപ്പ് സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷ്ൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30യോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് , ഭരണ സമിതിഅംഗങ്ങൾ, സെക്രട്ടറിയടക്കം ഉദ്യേഗസ്ഥർ, ചന്തപരിസരത്ത് എത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ കട ഉടമകളോട് ഒഴിഞ്ഞുമാറാൻ നിർദേശം നൽകിയത്. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പഞ്ചായത്തിനെതിരെ മുദ്രവാക്യം മുഴുക്കുകയും ബലം പ്രയോഗിച്ച് ഒഴിഞ്ഞ് മാറാൻ ശ്രമിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. ഒടുവിൽ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലെ വസ്തുക്കൾ അധികൃതർ ചന്തയിലെ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിട മുറികളിലേക്ക് മാറ്റി. ഭാരവാഹികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചേർപ്പിൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു.




