Skip to content
November 17, 2026
⌕

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ‘സുകൃതം’ പീഡിയാട്രിക് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് തുടക്കമായി

November 16, 2026
Share this post to

തൃശ്ശൂർ: ഗുരുതരവും വിട്ടുമാറാത്തതുമായ രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ചികിത്സയ്ക്കൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണയും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പാക്കുന്നതിനായി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ‘സുകൃതം’ പീഡിയാട്രിക് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് തുടക്കമായി. മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക്ക് ആരംഭിച്ചത്.
നാഡീവികാസ വൈകല്യങ്ങൾ, ടൈപ്പ് 1 പ്രമേഹം, വൃക്കരോഗങ്ങൾ, രക്തസംബന്ധമായ അസുഖങ്ങൾ, പീഡിയാട്രിക് എച്ച്.ഐ.വി., കാൻസർ തുടങ്ങി വിവിധ ഗുരുതര രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ക്ലിനിക്കിലൂടെ സേവനം ലഭ്യമാകും.
ചികിത്സയ്ക്കു പുറമെ കൗൺസിലിംഗ്, പ്ലേ തെറാപ്പി, സാമൂഹിക-സാമ്പത്തിക പിന്തുണ എന്നിവയും ഉറപ്പാക്കും. വിവിധ ഏജൻസികളുമായി ഏകോപിപ്പിച്ചായിരിക്കും സേവനങ്ങൾ ലഭ്യമാക്കുക. എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം.
ചടങ്ങിൽ മെഡിക്കൽ വിദ്യാർഥികളുടെ ജീവകാരുണ്യ വിഭാഗമായ ‘പുനർജ്ജനി’യുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽരാജ്, സൂപ്രണ്ട് ഡോ. ലിജോ കൊള്ളന്നൂർ, ശിശുരോഗ വിഭാഗം മേധാവി ഡോ. അജിത്കുമാർ വി.ടി., ചീഫ് നഴ്സിംഗ് ഓഫീസർ സൂമോൾ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഡോ. മുകേഷ്, പീഡിയാട്രിക്സ് പ്രൊഫസർ ഡോ. ജാനകി മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Get more updates from Pudukad News on Google