ആഗോള കപ്പൽ നിർമാണ ശക്തിയാകാൻ ഇന്ത്യ. അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ കപ്പൽ നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിക്കും. 2030-ഓടെ ലോകത്തെ മികച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. മേഖലയ്ക്കായി 72,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

ന്യൂഡൽഹി: ആഗോള കപ്പൽ നിർമാണ മേഖലയിലെ പ്രധാന ശക്തിയായി മാറാൻ ലക്ഷ്യമിട്ട് ഇന്ത്യ വൻ പദ്ധതികൾ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി പുതിയ ഗ്രീൻഫീൽഡ് കപ്പൽ നിർമാണ ക്ലസ്റ്ററുകൾ വികസിപ്പിക്കുമെന്നും, 2030-ഓടെ ലോകത്തെ മികച്ച പത്ത് കപ്പൽ നിർമാണ രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടുകയാണ് ലക്ഷ്യമെന്നും കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ തിങ്കളാഴ്ച അറിയിച്ചു.
2047-ഓടെ ലോകത്തെ ഏറ്റവും മികച്ച അഞ്ച് കപ്പൽ നിർമാണ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ മാറ്റുകയാണ് ദീർഘകാല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗ്രീൻഫീൽഡ് കപ്പൽ നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത്. ആവശ്യമായ ഭൂമി, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനം, നിക്ഷേപ സൗഹൃദ നയങ്ങൾ എന്നിവ ഈ ക്ലസ്റ്ററുകളിൽ ഒരുക്കും.
കപ്പൽ നിർമാണം, സാങ്കേതികവിദ്യ, തൊഴിൽ, കയറ്റുമതി തുടങ്ങിയ മേഖലകളിൽ വലിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലോകത്തിനായി കപ്പലുകൾ നിർമിക്കാൻ ഇന്ത്യ സജ്ജമാണെന്നും, അടുത്ത തലമുറയിലെ കപ്പലുകൾ ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെ കരുത്ത് ലോകത്തിന് മുന്നിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കപ്പൽ നിർമാണ മേഖലയ്ക്ക് വേഗം പകരുന്നതിനായി 8 ബില്യൺ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ) പ്രത്യേക സമുദ്ര പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 150-ലധികം കപ്പലുകൾ നിർമിക്കാനുള്ള ഓർഡറുകൾ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. 1.7 ബില്യൺ ഡോളറിലധികം മൂല്യം വരുന്ന ഈ ഓർഡറുകളിൽ 80 ശതമാനത്തിലധികവും കയറ്റുമതിക്കായുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2026-ലെ ‘ഇന്ത്യ ഷിപ്പ് ബിൽഡിങ് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവിൽ’ 30 അന്താരാഷ്ട്ര കപ്പൽ നിർമാണശാലകൾ പങ്കെടുത്തു. ആഗോള ഷിപ്പിങ് കമ്പനികൾ, കപ്പൽ നിർമാണ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, നിക്ഷേപകർ എന്നിവരും സമ്മേളനത്തിന്റെ ഭാഗമായി.
എച്ച്.ഡി. കെ.എസ്.ഒ.ഇ, സാംസങ് ഹെവി ഇൻഡസ്ട്രീസ്, ഹൻവാ ഓഷ്യൻ, ഫിൻകാന്റിയേരി, ഡാമൻ, മെർസ്ക്, എം.എസ്.സി, സി.എം.എ സി.ജി.എം തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ സമ്മേളനത്തിൽ പങ്കെടുത്തത് ഇന്ത്യയുടെ കപ്പൽ നിർമാണ ശേഷിയിലുള്ള ആഗോള വിശ്വാസം വർധിക്കുന്നതിന്റെ സൂചനയാണെന്നും സർബാനന്ദ സോനോവാൾ കൂട്ടിച്ചേർത്തു.




