കൊടികുത്തിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ചു. മൂന്ന് പേർക്ക് പരുക്ക്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. തീർത്ഥാടനകാലം ആരംഭിച്ചതോടെ അപകടങ്ങൾ ഉണ്ടായത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപം ഇന്ന് പുലർച്ചെ 5:30-ഓടെയായിരുന്നു അപകടം.
കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ബൈക്കുകളിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്.
തീർത്ഥാടനകാലം ആരംഭിച്ചതോടെ അപകടങ്ങൾ ഉണ്ടായത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ സീസണിലും തീർത്ഥാടകർ എത്തിയ വാഹനം ഇടിച്ചു പ്രദേശവാസികൾ മരിക്കുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു.
ശബരിമല തീർത്ഥാടന പാതയിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘സേഫ് സോൺ’ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
എരുമേലിയിൽ ആറ് യൂണിറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. യാത്രാമധ്യേ ബ്രേക്ക് ഡൗൺ ആകുന്നതും അപകടത്തിൽപ്പെടുന്നതുമായ വാഹനങ്ങൾ വേഗത്തിൽ മാറ്റുന്നതിനുള്ള ക്രെയിൻ സൗകര്യം, വിവിധ വാഹന നിർമ്മാണ കമ്പനികളുടെ സർവീസിങ് ടീമുകളുടെ സേവനം, തകരാറിലാകുന്ന വാഹനങ്ങൾ നന്നാക്കി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവയെല്ലാം കൺട്രോൾ റൂമിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.




