
ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന് വിളിച്ച് അപമാനിച്ച ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നസ്മുൾ ഇസ്‌ലാമിനെതിരെ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB). മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ബിസിസിഐ വിലക്കിയതിനെത്തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ഈ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചതിനാണ് തമീമിനെതിരെ നസ്മുൾ ഇസ്‌ലാം വിവാദ പരാമർശം നടത്തിയത്.
തങ്ങളുടെ മുൻ നായകനെ അപമാനിച്ച ഡയറക്ടറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ താരങ്ങളുടെ സംഘടനയായ സിഡബ്ല്യുഎബി അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. നസ്മുൾ ഇസ്‌ലാമിന്റേത് വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്നും അതിൽ ബോർഡ് ഖേദം രേഖപ്പെടുത്തുന്നുവെന്നും ബിസിബി അറിയിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾ പാലിക്കേണ്ട മര്യാദകൾ ലംഘിച്ച നസ്മുളിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് താരങ്ങൾക്ക് ബോർഡ് ഉറപ്പുനൽകി.
രാജ്യത്തെ പ്രതിനിധീകരിച്ച എല്ലാ താരങ്ങളെയും ബഹുമാനത്തോടെയാണ് കാണുന്നതെന്നും അവരുടെ അഭിമാനത്തിനാണ് പ്രഥമ പരിഗണനയെന്നും ബിസിബി പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ, ഇന്ത്യ-ബംഗ്ലാദേശ് തർക്കത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേക്ഷണം സർക്കാർ നിരോധിച്ചിരുന്നു.
The post തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന് വിളിച്ചു! ഡയറക്ടർക്ക് എതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് appeared first on Express Kerala.



