Skip to content
November 19, 2026
⌕

എ. വിജയരാഘവന്റെ വിവാദ പ്രസ്താവനയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. “ശ, ഷ, ഋ ഒഴിവാക്കിയാൽ സന്തോഷിക്കുന്നവരെന്ന” പരാമർശത്തിനെതിരെ മുസ്‌ലിം സംഘടനാ നേതാക്കൾ. ഹോണററി ഡോക്ടറേറ്റ് ലഭിച്ച പി.കെ. അഹമ്മദിനെതിരായ ‘അരിപ്രാഞ്ചി’ പരാമർശം നന്ദികേടെന്ന് നജ്മ തബ്ഷീറ. സി.പി.എമ്മിന്റേത് ‘തമ്പുരാൻ മനോഭാവമെന്ന്’ സി. ദാവൂദ്

November 18, 2026
Share this post to

തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവർത്തകർ വിജ്ഞാന വിരോധികളാണെന്ന തരത്തിലുള്ള സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവന പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.

കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറുമായി ബന്ധപ്പെടുത്തി വിജയരാഘവൻ നടത്തിയ പരാമർശങ്ങൾക്കെതിരെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു.

മലയാള അക്ഷരമാലയെയും ഭാഷാജ്ഞാനത്തെയും പരാമർശിച്ചുകൊണ്ട് എ. വിജയരാഘവൻ നടത്തിയ പ്രസംഗമാണ് വിവാദമായത്.


“കഴിയുമെങ്കിൽ അക്ഷരമാലയിലെ ബുദ്ധിമുട്ടുള്ള  ശ, ഷ, ഋ ഒക്കെ അക്ഷരമാലയിൽ നിന്ന് ഒഴിവാക്കിയാൽ  സന്തോഷിക്കുന്നവരുണ്ട്.  മലയാളം മര്യാദക്ക് എഴുതാൻ കഴിയാത്തവരെ കൂട്ടിയാണ് കാലിക്കറ്റ് സർവകലാശാല വി.സി ഇരിക്കുന്നത് ” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.


കാലിക്കറ്റ് സർവകലാശാല പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പി.കെ. അഹമ്മദ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർക്ക് ഹോണററി ഡോക്ടറേറ്റ് നൽകിയതിനെ പരാമർശിച്ച് “കണ്ട അരിപ്രാഞ്ചികൾക്കൊക്കെ ഡോക്ടറേറ്റ് നൽകി” എന്നും വിജയരാഘവൻ പ്രസംഗത്തിൽ പരിഹസിച്ചു. ഇതും വിവാദമായിട്ടുണ്ട്.  

മുസ്‌ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള ഈ പരാമർശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയരുന്നത്.മുസ്ളീം യൂത്ത് ലീഗ് നേതാവ്  അഡ്വ. നജ്മ തബ്ഷീറ  ജമാഅത്തെ ഇസ്‌ലാമി നേതാവും മീഡിയവൺ മാനേജിംഗ് എഡിറ്ററുമായ സി. ദാവൂദ് തുടങ്ങിയവരാണ് എ.വിജയരാഘവൻെറ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയത്.  

പി.കെ. അഹമ്മദിനെതിരായ ‘അരിപ്രാഞ്ചി’ പരാമർശം തികഞ്ഞ നന്ദികേടാണെന്ന് നജ്മ തബ്ഷീറ കുറ്റപ്പെടുത്തി. ജീവകാരുണ്യ രംഗത്ത് സജീവമായ പി.കെ. അഹമ്മദിന്റെ സേവനങ്ങളുടെ പ്രയോജനം സി.പി.എം ഉൾപ്പെടെയുള്ള സംഘടനകൾക്ക് ലഭിച്ചിട്ടുണ്ടെന്നും, ഉത്തരവാദപ്പെട്ട നേതാക്കളുടെ നാവിന് പാർട്ടി കടിഞ്ഞാണിടണമെന്നും അവർ ആവശ്യപ്പെട്ടു.


സി.പി.എമ്മിന്റേത് പഴയ ‘തമ്പുരാൻ മനോഭാവം’ ആണെന്നും, മുസ്‌ലിം സമുദായത്തെയും അവരുടെ സ്ഥാപനങ്ങളെയും ആവിഷ്കാരങ്ങളെയും കുറിച്ചുള്ള കാര്യങ്ങൾ വരുമ്പോൾ സി.പി.എം ഫ്യൂഡൽ ബോധത്തിലേക്ക് മടങ്ങുകയാണെന്നും സി.ദാവൂദ് ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.


സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ചു.എത്ര എക്സ്റ്റൻഡഡ് കമ്മിറ്റി ചേർന്നാലും തിരുത്താനാവാത്ത വിധം ഈ ‘തമ്പുരാൻ ബോധം’ ഇവരിൽ നിന്ന് പുറത്തുവരുമെന്നും, പാർട്ടിക്ക് നൽകിയ ഇത്തരം സംഭാവനകൾ പരിഗണിച്ച് എ. വിജയരാഘവന് ‘ഓർഡർ ഓഫ് ലെനിൻ’ അവാർഡ് നൽകണമെന്നും പരിഹാസരൂപേണ അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു.

മനക്കലെ കോലായിൽ കാൽ നീട്ടിയിരുന്ന് സേവകനെക്കൊണ്ട് കോളാമ്പിയെടുപ്പിച്ച് നീട്ടിത്തുപ്പിയ പഴയ ‘തമ്പുരാൻ കാലത്ത്’ നിന്ന് മുന്നോട്ട് സഞ്ചരിക്കാൻ കഴിയാത്ത കൂട്ടരാണ് സി.പി.എം എന്ന് ദാവൂദ് ആരോപിച്ചു.

‘മഴ മയയുടെ പര്യായമാണ്’ എന്ന് തിരിച്ചെഴുതുന്ന ഒരു തലമുറയെ നോക്കിയാണ് ഈ പി.ബി സദസ്യൻ ഇപ്രകാരം ആഞ്ഞു തുപ്പുന്നത്. രാഷ്ട്രീയ വ്യാകരണം അറിയാത്തവർക്ക് എത്ര അക്ഷരജ്ഞാനമുണ്ടായിട്ടും കാര്യമില്ല” എന്നും ദാവൂദ് കുറിച്ചു.

ഈ മാസം 16ന് കാലിക്കറ്റ് സർവകലാശാലയിലേക്ക് സി.പി.എം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് എ. വിജയരാഘവൻ മുസ്‌ലിം ലീഗിനും സർവകലാശാലാ വൈസ് ചാൻസലർക്കുമെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.


സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്, കാമ്പസ് ചുമരെഴുത്തുകൾ, ഹോണററി ഡോക്ടറേറ്റ് വിതരണം തുടങ്ങിയ വിഷയങ്ങളിലെ ഭരണപരമായ തീരുമാനങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധ മാർച്ച്.


വിവാദ പരാമർശങ്ങൾക്കൊപ്പം വി.സിക്ക് എതിരെയും വിജയരാഘവൻ വിമർശനം നടത്തിയിരുന്നു.വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വൈസ് ചാൻസലർമാർ പക്ഷപാതപരമായി ഇടപെടുന്ന പതിവില്ലെന്നും, എം.എസ്.എഫ്-കെ.എസ്.യു പ്രവർത്തകർക്കായി നിലവിലെ വി.സി ഹൈക്കോടതി വരെ പോകുന്നത് പദവിക്ക് അപമാനമാണെന്നും അദ്ദേഹം വിമർശിച്ചു.

വിദ്യാർത്ഥികൾ കാമ്പസ് ചുമരുകളിൽ അവർക്കിഷ്ടമുള്ളത് എഴുതുമെന്നും കാമ്പസുകൾ സർഗ്ഗാവിഷ്കാരത്തിന്റെ കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ശ, ഷ, ഋ ഒക്കെ അക്ഷരമാലയിൽ നിന്ന് ഒഴിവാക്കിയാൽ സന്തോഷിക്കുന്നവരാണ്” എന്ന പരാമർശം മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ ഭാഷാശൈലിയെയും വിദ്യാഭ്യാസ മുന്നേറ്റത്തെയും മനഃപൂർവ്വം അപമാനിക്കാനുള്ള ശ്രമമാണെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ വിദ്യാഭ്യാസ-വൈജ്ഞാനിക മേഖലയ്ക്ക് മുസ്‌ലിം ലീഗും സി.എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള നേതാക്കളും നൽകിയ സംഭാവനകൾ വിസ്മരിച്ചുകൊണ്ടാണ് വിജയരാഘവൻ ലീഗുകാരെ ‘വിജ്ഞാന വിരോധികൾ’ എന്ന് വിളിക്കുന്നതെന്ന് അവർ തിരിച്ചടിച്ചു.

സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get more updates from Pudukad News on Google