ഇറാൻ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ ടോമഹോക്ക് മിസൈലുകൾ ഉപയോഗിച്ച് അമേരിക്ക; വെളിപ്പെടുത്തലുമായി നാവികസേനാ സെക്രട്ടറി | Expired Tomahawk Missiles Iran

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ കാലാവധി കഴിഞ്ഞ ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ അമേരിക്കൻ നാവികസേന വീണ്ടും ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. ഉപയോഗശൂന്യമായി മാറ്റിവെച്ചിരുന്ന മിസൈലുകളുടെ ഓപ്പറേഷൻ കോഡുകൾ തിരുത്തിയാണ് ഇവ വീണ്ടും വിന്യസിച്ചതെന്ന് ആക്ടിങ് യു.എസ് നേവി സെക്രട്ടറി ഹങ് കാവോ സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴിയിൽ സ്ഥിരീകരിച്ചു. (Expired Tomahawk Missiles Iran)
ഫെബ്രുവരിയിൽ ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ക്കിടെയാണ് ഈ നടപടിയുണ്ടായത്. പഴകിയ അപ്പം അല്പം വെള്ളം തളിച്ച് മൈക്രോവേവിൽ ചൂടാക്കി വീണ്ടും ഉപയോഗിക്കുന്നതിന് സമാനമാണ് മിസൈലുകൾ പുതുക്കിയെടുക്കുന്ന പ്രക്രിയയെന്നാണ് ഹങ് കാവോ വിശദീകരിച്ചത്. എന്നാൽ എത്ര മിസൈലുകളാണ് ഇത്തരത്തിൽ വീണ്ടും ഉപയോഗിച്ചതെന്നോ അവയുടെ സുരക്ഷാ പരിശോധനകൾ എത്രത്തോളം പൂർത്തിയായെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളിൽ വൻതോതിൽ മിസൈലുകൾ പ്രയോഗിച്ചതോടെ അമേരിക്കയുടെ ആയുധശേഖരത്തിൽ കുറവുണ്ടായതാണ് പഴയ മിസൈലുകളെ ആശ്രയിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ നാല് ആഴ്ചകൾക്കുള്ളിൽ 850-ലധികം ടോമഹോക്ക് മിസൈലുകൾ ഉപയോഗിച്ചതായാണ് വിവരം. പോരാട്ടം താൽക്കാലികമായി നിർത്തിവെക്കുമ്പോഴേക്കും ആയിരത്തിലധികം മിസൈലുകൾ ചെലവഴിച്ചിട്ടുണ്ടെന്നാണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ വിലയിരുത്തൽ.
ഒരു പുതിയ ടോമഹോക്ക് മിസൈലിന് ഏകദേശം 36 ലക്ഷം ഡോളർ (ഏകദേശം 30 കോടി രൂപ) ചെലവാകും. ഇവയുടെ നിർമ്മാണത്തിന് രണ്ടുവർഷത്തോളം വേണ്ടിവരുന്നതിനാൽ ഉത്പാദനം വേഗത്തിൽ വർധിപ്പിക്കുന്നതും വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് പഴയ മിസൈലുകൾ വീണ്ടും ഉപയോഗിക്കാനുള്ള നീക്കം. കാലാവധി കഴിയുന്നതോടെ മിസൈലുകളിലെ രാസഘടകങ്ങൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, പ്രൊപ്പല്ലന്റുകൾ എന്നിവയ്ക്ക് തകരാർ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇത് ലക്ഷ്യത്തിലെത്താനുള്ള കൃത്യതയെയും സ്ഫോടനശേഷിയെയും ബാധിച്ചേക്കാം. മുൻകാല യുദ്ധങ്ങളിൽ പുതുക്കി ഉപയോഗിച്ച ചില മിസൈലുകൾ പൊട്ടിത്തെറിക്കാതെ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Summary: The US Navy has reportedly reused expired Tomahawk cruise missiles during its war with Iran by modifying their operational software codes. Acting Navy Secretary Hung Cao confirmed the practice but did not disclose the number of missiles involved or details of their safety checks. The move comes amid concerns over dwindling missile stockpiles and the time required to manufacture replacements.




