Skip to content
November 19, 2026
⌕

ഇന്ത്യ-ജപ്പാൻ 2+2 ചർച്ചയ്ക്കായി രാജ്നാഥ് സിങ് ടോക്കിയോയിലെത്തി; പ്രതിരോധ സഹകരണം പ്രധാന അജണ്ട | Rajnath Singh Tokyo visit

November 18, 2026
Share this post to
Rajnath Singh

ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള നാലാമത് വിദേശകാര്യ-പ്രതിരോധ മന്ത്രിതല 2+2 ചർച്ചയിൽ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ടോക്കിയോയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്സുമിയുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. (Rajnath Singh Tokyo visit)

ടോക്കിയോയിലെത്തിയ രാജ്നാഥ് സിങ്ങിനെ ജപ്പാൻ ജോയിന്റ് സ്റ്റാഫ് വൈസ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ നൊറിമിച്ചി ഷിരകാവ സ്വീകരിച്ചു. ഇന്തോ-പസഫിക് മേഖലയിൽ സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്കും ജപ്പാനും ഒരേ നിലപാടാണുള്ളതെന്ന് യാത്രയ്ക്ക് മുന്നോടിയായി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രാജ്നാഥ് സിങ്ങും ചേർന്നാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്സുമിയും വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയും ജപ്പാന്റെ പ്രതിനിധികളാകും. ഉഭയകക്ഷി തന്ത്രപ്രധാന ബന്ധങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ചർച്ചയാകും.
പ്രതിരോധ സാങ്കേതികവിദ്യ, സൈനിക ഉപകരണങ്ങളുടെ വികസനം, സമുദ്രസുരക്ഷ, സംയുക്ത സൈനികാഭ്യാസങ്ങൾ എന്നിവയിൽ സഹകരണം വിപുലീകരിക്കുന്നതും ചർച്ചകളുടെ ഭാഗമാണ്. കര, നാവിക, വ്യോമ സേനകൾ തമ്മിലുള്ള സംയുക്താഭ്യാസങ്ങളുടെ വ്യാപ്തിയും സങ്കീർണതയും വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ആലോചിക്കും. പ്രതിരോധ വ്യവസായ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

ഈ വർഷം രാജ്നാഥ് സിങ്ങും ഷിൻജിറോ കൊയ്സുമിയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റിൽ ന്യൂഡൽഹിയിലും ഒക്ടോബറിൽ ഫിലിപ്പീൻസിലെ സെബുവിൽ നടന്ന ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെയും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലുള്ള പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള തുടർനടപടികൾക്ക് ടോക്കിയോ ചർച്ചകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Summary: Defence Minister Rajnath Singh has arrived in Tokyo for the fourth India-Japan 2+2 Foreign and Defence Ministers’ Dialogue. The discussions will focus on defence technology, maritime security, joint military exercises and regional stability, with both countries aiming to deepen their strategic partnership.

Get more updates from Pudukad News on Google