Skip to content
November 19, 2026
⌕

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കില്ല; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ നിർദേശത്തിന് മന്ത്രിസഭയിൽ എതിർപ്പ് | Kerala LPST Job Aspirants Protest

November 18, 2026
Share this post to
LPST Strike

തിരുവനന്തപുരം: അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്ന എൽപിഎസ്ടി ഉദ്യോഗാർഥികളുടെ ആവശ്യത്തിന് മന്ത്രിസഭയിൽ എതിർപ്പ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പാണ് നിർദേശത്തെ എതിർത്തത്. അതേസമയം, ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ബദൽ നിർദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. (Kerala LPST Job Aspirants Protest)

അനുപാതം 1:25 ആയി മാറ്റിയാൽ പ്രതിവർഷം 45 കോടി രൂപയുടെ അധിക ബാധ്യത സംസ്ഥാനത്തിനുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. എന്നാൽ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. വിദ്യാഭ്യാസമന്ത്രി ഉദ്യോഗാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും സമവായത്തിലെത്താനായില്ല. അനുപാതം കുറയ്ക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെയാണ് സമരസമിതി പുതിയ നിർദേശം മുന്നോട്ടുവെച്ചത്. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാൻ കഴിയില്ലെങ്കിൽ വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകൾ റാങ്ക് ലിസ്റ്റിൽ നിന്ന് നികത്തണമെന്നാണ് പുതിയ ആവശ്യം.

ഉദ്യോഗാർഥികളുടെ ബദൽ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിച്ചശേഷം വിദ്യാഭ്യാസമന്ത്രി വീണ്ടും ചർച്ച നടത്തും. സർക്കാർ നേരത്തെ അംഗീകരിച്ച നാല് കാര്യങ്ങളിൽ ഉത്തരവിറക്കുന്നതും ഈ ചർച്ചയ്ക്ക് ശേഷമായിരിക്കും. അനുകൂല തീരുമാനമുണ്ടാകുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി സെക്രട്ടറി വളർമതി വ്യക്തമാക്കി.

Summary: The Kerala Cabinet has opposed the demand by LPST job aspirants to reduce the teacher-student ratio to 1:25, citing an additional annual financial burden of ₹45 crore. The government will discuss the candidates’ alternative proposal with the Chief Minister. The protesters have said their hunger strike will continue until a favourable decision is made.

Get more updates from Pudukad News on Google