കീഴ്വഴക്കം മാറ്റി ഷി ജിൻപിങ്; ട്രംപിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി, അപൂർവ നയതന്ത്ര നീക്കം | Xi Jinping Welcomes Donald Trump

ചൈനീസ് പ്രസിഡന്റിന്റെ പതിവ് കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് ഷി ജിൻപിങ്. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിയിൽ പങ്കെടുക്കാനായി തെക്കൻ ചൈനീസ് നഗരമായ ഷെൻസെനിലെത്തിയ ട്രംപിനെയാണ് ഷി സ്വീകരിച്ചത്. ഒരു വിദേശ രാഷ്ട്രത്തലവനെ വിമാനത്താവളത്തിലെത്തി ചൈനീസ് പ്രസിഡന്റ് നേരിട്ട് സ്വീകരിക്കുന്നത് അപൂർവമാണ്. (Xi Jinping Welcomes Donald Trump)
ഷെൻസെൻ വിമാനത്താവളത്തിൽ എയർഫോഴ്സ് വൺ വിമാനം ഇറങ്ങിയതിനു പിന്നാലെ ചുവന്ന പരവതാനി വിരിച്ചാണ് ട്രംപിനെ വരവേറ്റത്. ഇരുരാജ്യങ്ങളുടെയും പതാകകളുമായി എത്തിയവർക്കിടയിലൂടെ നടന്നെത്തിയ നേതാക്കൾ പരസ്പരം ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തു. തുടർന്ന് ട്രംപിനെ ഔദ്യോഗിക വാഹനത്തിലേക്ക് ഷി ജിൻപിങ് അനുഗമിച്ചു. 1962ന് ശേഷം ആദ്യമായാണ് ഒരു ചൈനീസ് നേതാവ് വിദേശ രാഷ്ട്രത്തലവനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഷി ജിൻപിങ് അമേരിക്ക സന്ദർശിച്ചപ്പോൾ ട്രംപും വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചിരുന്നു.
അതേസമയം, എപെക് ഉച്ചകോടിക്കിടെ നാളെ ട്രംപ്, ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവർ തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കും. മൂന്ന് രാജ്യങ്ങളുടെയും തലവന്മാർ ഇത്തരത്തിൽ ഒരുമിച്ച് മുഖാമുഖം കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്. ആണവായുധ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. കൂടിക്കാഴ്ച പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷയെന്ന് പുടിൻ പ്രതികരിച്ചു. റഷ്യ-യുക്രൈൻ യുദ്ധവും ചർച്ചയാകുമോ എന്നതിലാണ് ശ്രദ്ധ. വിഷയം ഉന്നയിക്കാൻ ആഗ്രഹിക്കുന്നതായി ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ത്രികക്ഷി ചർച്ചയിൽ യുക്രൈൻ വിഷയം ഉൾപ്പെടാൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ സഹായികൾ സൂചിപ്പിച്ചത്. ട്രംപിന്റെ വരവിന് മുന്നോടിയായി ഷി ജിൻപിങ്ങും പുടിനും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.
Summary: Chinese President Xi Jinping personally welcomed US President Donald Trump at Shenzhen airport ahead of the APEC summit, an unusual diplomatic gesture. The two leaders are also scheduled to meet Russian President Vladimir Putin for discussions expected to include nuclear arms control and other international issues.




