Skip to content
November 19, 2026
⌕

ബംഗ്ലാദേശിൽ വീണ്ടും കലാപവും രാഷ്ട്രീയ സംഘർഷവും. മുൻ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ കുടുംബവീടിന് തീയിട്ടു. രാഷ്ട്രീയ ഏറ്റുമുട്ടലിൽ രണ്ട് ബി.എൻ.പി പ്രവർത്തകർ കൊല്ലപ്പെട്ടു. 107 പേർ അറസ്റ്റിൽ. അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത് ഷെയ്ഖ് ഹസീന തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ

November 19, 2026
Share this post to

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്ത മാസം ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ രാജ്യത്ത് വീണ്ടും വ്യാപകമായ കലാപവും രാഷ്ട്രീയ സംഘർഷവും. 

മുൻ ഇടക്കാല സർക്കാരിലെ ചീഫ് അഡ്വൈസറും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ കുടുംബവീട് അക്രമികൾ തീയിട്ട് നശിപ്പിച്ചതായി ബംഗ്ലാദേശ് പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി വൈകി നടന്ന തീവെപ്പിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്കിന്റെ 22 ശാഖകൾക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങളും തീവെപ്പും ഉണ്ടായതായി ബാങ്ക് അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ നിരോധിക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) പ്രവർത്തകരും തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. 

സംഘർഷത്തിൽ രണ്ട് ബി.എൻ.പി പ്രവർത്തകർ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച മുതൽ ഇതുവരെ 107 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. 

2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന, തനിക്കെതിരെ വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അടുത്ത മാസം മടങ്ങിയെത്തുമെന്ന് അറിയിച്ചതായാണ് വിവരം.

വ്യാഴാഴ്ച രാവിലെ ഗോപാൽഗഞ്ച്-1 മണ്ഡലത്തിലെ എം.പി സെലിമുസ്സമാൻ സെലിമിന്റെ കാഷിയാനിയിലുള്ള വസതിക്കുനേരെ അക്രമികൾ ബോംബെറിയുകയും വീട് അടിച്ചുതകർത്ത് തീയിടുകയും ചെയ്തു. കൂടാതെ മുക്സുദ്പൂർ പോലീസ് സ്റ്റേഷനും ഗ്രാമീൺ ബാങ്കിന്റെ ഒരു ശാഖയും അവാമി ലീഗ് പ്രവർത്തകർ തകർത്ത് തീവെച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ധാക്ക-ഖുൽന, ധാക്ക-ബാരിസാൽ ദേശീയപാതകളുടെ ഗോപാൽഗഞ്ച് ഭാഗങ്ങളിൽ പ്രതിഷേധക്കാർ മരങ്ങൾ മുറിച്ചിട്ട് റോഡ് ഉപരോധിച്ചതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. അവാമി ലീഗ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തലസ്ഥാനമായ ധാക്കയെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.

അതേസമയം, അതിർത്തിക്കപ്പുറമുള്ള യജമാനന്മാരെ പ്രീണിപ്പിക്കുന്നതിനായി ‘ഒളിവിലുള്ള ഏകാധിപതി’ വീണ്ടും ഗൂഢാലോചനകൾ ആരംഭിച്ചിരിക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാൻ ആരോപിച്ചു. 

ഒരുകാലത്ത് ജനങ്ങളുടെ നെഞ്ചിൽ തോക്കുചൂണ്ടി 17 വർഷത്തോളം രാജ്യം ഭരിച്ചവർ വീണ്ടും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, കൊലപാതകങ്ങളിലൂന്നിയ രാഷ്ട്രീയത്തെ ജനങ്ങൾ ഇനി സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get more updates from Pudukad News on Google