“അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചനാ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു, കോടതി വിധിയെ സ്വാഗതം ചെയ്യുന്നു”: കെ.കെ. ശൈലജ | Arayil Shukoor murder case

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചനാ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ (Arayil Shukoor murder case). ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട എല്ലാവരെയും കോടതി വെറുതെവിട്ടെന്നും അവർ പ്രതികരിച്ചു.
ഷുക്കൂർ വധം നിർഭാഗ്യകരമായ സംഭവമായിരുന്നുവെന്ന് ശൈലജ പറഞ്ഞു. അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ താനുമുണ്ടായിരുന്നു. ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് അവിടേക്ക് പോയതെന്നും അവർ വ്യക്തമാക്കി.
ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലീഗ് പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ശൈലജയുടെ വിശദീകരണം. താൻ ഓട്ടോയിൽനിന്ന് ഇറങ്ങിയിരുന്നില്ലെന്നും പി. ജയരാജനാണ് ഇറങ്ങിയതെന്നും അവർ പറഞ്ഞു. അതുകൊണ്ടാണ് ജയരാജനടക്കമുള്ളവർക്ക് കല്ലേറേറ്റതെന്നും ശൈലജ കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ ആളുകൾക്കിടയിൽനിന്ന് എന്ത് ഗൂഢാലോചന നടത്താനാകുമെന്നായിരുന്നു അവരുടെ ചോദ്യം. 14 വർഷത്തോളം നീണ്ടുനിന്ന പ്രയാസങ്ങൾക്ക് കോടതി വിധിയോടെ അന്ത്യമായെന്നും കെ.കെ. ശൈലജ പ്രതികരിച്ചു.
കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷററുമായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത്.
Story Summary:
CPI(M) Central Committee member K.K. Shailaja welcomed the court verdict in the Arayil Shukoor murder case, stating that the conspiracy allegations had been disproved. She said all those accused of conspiracy were acquitted and recalled that she had accompanied a group that visited the area following the incident. Shailaja also questioned how a conspiracy could have been hatched among people at a hospital. The special CBI court in Ernakulam delivered its verdict on Thursday.




