പാകിസ്ഥാനിൽ തകർന്നുവീണ ഡ്രോൺ പൊട്ടിത്തെറിച്ച് ബാലൻ മരിച്ചു; മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്ക്

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ തകർന്നുവീണ ഡ്രോൺ പൊട്ടിത്തെറിച്ച് ഒരു ബാലൻ മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മൊഹ്മന്ദ് ജില്ലയിലുള്ള ഗുർബാസ് ഖാദി ഖേൽ മേഖലയിലാണ് സംഭവം.
ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം വീണുകിടന്ന ഡ്രോൺ ഒരു സംഘം കുട്ടികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുട്ടികൾ ഡ്രോൺ എടുത്ത് പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സർത്താജ് എന്ന ബാലൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാശിഫ് എന്ന മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ, തകർന്നുവീണ ഡ്രോണുകൾ, മറ്റ് അപകടകരമായ വസ്തുക്കൾ എന്നിവ പ്രദേശത്തുനിന്ന് നീക്കം ചെയ്ത് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും പരിക്കേറ്റ കുട്ടിയുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.




