Skip to content
November 20, 2026
⌕

അമ്മ അനുവദിച്ചത് ഓരോ ടാറ്റൂ മാത്രം; ഒടുവിൽ ശരീരത്തിന്റെ 70 ശതമാനവും ടാറ്റൂ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കി ഇരട്ടസഹോദരിമാർ | Petunia Twins Guinness World Record

November 20, 2026
Share this post to
Petunia Twins Guinness World Record

അമ്മയോട് ഓരോരുത്തരും ഒരു ടാറ്റൂ മാത്രമേ ചെയ്യൂ എന്ന് വാക്ക് നൽകിയവർ. എന്നാൽ ടാറ്റൂകളോടുള്ള ഇഷ്ടം പതിയെ അഭിനിവേശമായി മാറിയതോടെ ശരീരത്തിന്റെ 70 ശതമാനത്തോളം ടാറ്റൂ ചെയ്ത് ലോക റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ഇരട്ടസഹോദരിമാർ. ജർമൻ സ്വദേശികളായ അലീന ഗാലിയാനോയും അലീന ഹാന്ലെയും (Aline Galiano, Alena Hahnle) ഇപ്പോൾ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് താമസം. ‘പെറ്റൂണിയ ട്വിൻസ്’ എന്നറിയപ്പെടുന്ന ഇവർ, ഏറ്റവും കൂടുതൽ ടാറ്റൂകളുള്ള വനിതാ ഇരട്ടസഹോദരിമാർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ശരീരമാകെ നിറപ്പകിട്ടാർന്ന ടാറ്റൂകളാണ് ഇരുവരുടെയും പ്രത്യേകത. ( Petunia Twins Guinness World Record)

ആദ്യ ടാറ്റൂ ചെയ്തതോടെ ഇരുവർക്കും ബോഡി ആർട്ടിനോടുള്ള താൽപര്യം വർധിച്ചു. അമ്മ നൽകിയ വാക്ക് മറന്ന് കൂടുതൽ ടാറ്റൂകൾ ചെയ്യാൻ തുടങ്ങിയതോടെ ആദ്യം അമ്മയ്ക്ക് നിരാശയുണ്ടായെങ്കിലും പിന്നീട് മക്കളുടെ അഭിനിവേശത്തെ പിന്തുണയ്ക്കുകയായിരുന്നു. ഇന്ന് ടാറ്റൂ കല തന്നെ ഇവരുടെ ജീവിതവും തൊഴിലുമായി മാറി. ലോസ് ഏഞ്ചൽസിൽ ‘പെറ്റൂണിയ ട്വിൻസ്ഇങ്ക്’ എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന ഇവർക്കൊപ്പം എട്ട് വനിതാ ടാറ്റൂ ആർട്ടിസ്റ്റുകളും ജോലി ചെയ്യുന്നുണ്ട്. ജർമനിയിലെ ചെറിയ ഗ്രാമത്തിൽനിന്ന് വലിയ നഗരത്തിൽ ജീവിക്കണമെന്ന സ്വപ്നവുമായാണ് ഇരുവരും ലോസ് ഏഞ്ചൽസിലേക്ക് എത്തിയത്. കോവിഡ് കാലത്ത് പ്രതിസന്ധികൾ നേരിട്ട ഇവർക്ക് സ്റ്റുഡിയോയിൽ തന്നെ ഉറങ്ങേണ്ട സാഹചര്യം വരെ ഉണ്ടായി. പിന്നീട് ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയതോടെ ജീവിതം മാറി. സോഷ്യൽ മീഡിയയിലെ ജനപ്രീതി ഇവരുടെ ടാറ്റൂ കലയുടെ വളർച്ചയ്ക്കും സ്വന്തം സ്റ്റുഡിയോ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും സഹായിച്ചു.

ഇരുവരും മാസത്തിൽ ഒരിക്കലെങ്കിലും പരസ്പരം ടാറ്റൂ ചെയ്യാറുണ്ട്. അലീനയ്ക്ക് നെറ്റിയിലെ മണ്ഡല ഡിസൈനും കാലിലെ നിന്റെൻഡോ ഗെയിം കൺട്രോളർ ടാറ്റൂവുമാണ് ഏറെ പ്രിയപ്പെട്ടത്. കുട്ടിക്കാലത്ത് ഇരുവരും ഒരുമിച്ച് വീഡിയോ ഗെയിമുകൾ കളിച്ചതിന്റെ ഓർമയാണ് കൺട്രോളർ ടാറ്റൂ. അലീനയ്ക്ക് താടിയിലെ വെളുത്ത മണ്ഡലവും വയറിലെ ഏഴ് മണിക്കൂർ നീണ്ട ടാറ്റൂവും ഏറെ ഇഷ്ടമാണ്. പത്ത് വർഷത്തോളം ഫ്രഞ്ച് ഹോൺ വായിച്ചിരുന്ന ഓർമയിൽ അമ്മയ്ക്ക് പ്രിയപ്പെട്ട ആ സംഗീതോപകരണത്തിന്റെ ടാറ്റൂവും കാലിൽ ചെയ്തിട്ടുണ്ട്.

ഒരേ രൂപവും ടാറ്റൂകളോടുള്ള ഒരേ താൽപര്യവുമുണ്ടെങ്കിലും പരസ്പരം ഡിസൈനുകൾ പകർത്താറില്ലെന്ന് ഇരുവരും പറയുന്നു. ഒരാൾ മറ്റൊരാളെ പ്രചോദിപ്പിക്കാറുണ്ടെങ്കിലും സ്വന്തം വ്യക്തിത്വം നിലനിർത്തുന്ന വ്യത്യസ്ത ഡിസൈനുകളാണ് തിരഞ്ഞെടുക്കുന്നത്. ഇരുവരുടെയും ശരീരത്തിൽ വലിയ ഭാഗങ്ങളിൽ കറുത്ത ടാറ്റൂകളും (Blackout) വിവിധ നിറങ്ങളിലുള്ള ചിത്രങ്ങളും കാണാം. ഇവരുടെ കഥ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ 2027 പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്.

Summary: German twin sisters Aline Galiano and Alena Hahnle, known as the Petunia Twins, have tattoos covering around 70% of their bodies and hold a Guinness World Record. What began with a promise to their mother to get just one tattoo each has grown into a shared passion, a social media following and a successful tattoo business in Los Angeles.

Get more updates from Pudukad News on Google