ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് പരിധി വർധിപ്പിച്ചു. നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി അധികമായി അവസരം നൽകാൻ ദേവസ്വം ബോർഡ് തീരുമാനം. നവംബർ 21, 22 തീയതികളിൽ സ്പോട്ട് ബുക്കിങ്ങിലും ആനുപാതികമായ വർധനവുണ്ടാകും. ബുക്കിങ് പൂർത്തിയായിട്ടും ഭക്തർ ദർശനത്തിന് എത്താത്ത സാഹചര്യത്തിലാണ് കൂടുതൽ പേർക്ക് അവസരമൊരുക്കുന്നത്

ശബരിമല: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് പരിധി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
ഈ മാസം 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി അധികമായി ദർശനത്തിന് അവസരം നൽകാനാണ് തീരുമാനം. ഇതിനുപുറമെ നവംബർ 21, 22 തീയതികളിൽ സ്പോട്ട് ബുക്കിങ്ങിലും ആനുപാതികമായ വർധനവ് വരുത്തും.
വെർച്വൽ ക്യൂ ബുക്കിങ് വലിയതോതിൽ നടക്കുന്നുണ്ടെങ്കിലും അതനുസരിച്ച് ഭക്തർ ദർശനത്തിന് എത്താത്ത സാഹചര്യത്തിലാണ് കൂടുതൽ പേർക്ക് അവസരമൊരുക്കാൻ ബോർഡ് തീരുമാനിച്ചത്.
നിലവിൽ വെർച്വൽ ക്യൂ വഴി 66,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 14,000 പേർക്കും ഉൾപ്പെടെ പ്രതിദിനം പരമാവധി 80,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്.
മണ്ഡലകാലത്തേക്കുള്ള മുഴുവൻ ബുക്കിങ്ങും നേരത്തെ പൂർത്തിയായതിനാൽ, പുതുതായി അനുവദിച്ച 5,000 അവസരങ്ങളും രണ്ട് ദിവസത്തെ സ്പോട്ട് ബുക്കിങ് വർധനവും ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തർക്ക് വലിയ ആശ്വാസമാകും
. ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിക്കാത്ത തരത്തിൽ പരമാവധി ഭക്തരെ കടത്തിവിടണമെന്ന സമീപനമാണ് ദേവസ്വം ബോർഡ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, മണ്ഡലകാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് നിമിഷങ്ങൾക്കകം പൂർത്തിയായതിന് പിന്നിൽ ടൂർ ഏജൻസികളുടെ കൂട്ട ബുക്കിങ് ആണെന്ന സംശയം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ശനിയും ഞായറും അവധി ദിവസങ്ങളായതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ എത്തുമെന്നാണ് ദേവസ്വം അധികൃതരുടെ പ്രതീക്ഷ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ 33,000 പേർ ദർശനം നടത്തി.




