അമേരിക്ക-കാനഡ പ്രതിരോധ ബന്ധത്തിൽ വിള്ളൽ; സൈനിക സഹകരണം വെട്ടിക്കുറയ്ക്കാൻ രഹസ്യ മെമ്മോ പുറത്തിറക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ട്രംപിന്റെ ’51-ാം സംസ്ഥാന’ പ്രസ്താവനകൾക്കും വ്യാപാര യുദ്ധത്തിനും പിന്നാലെ കാനഡയ്ക്ക് കനത്ത പ്രഹരമായി പെന്റഗണിന്റെ പുതിയ നീക്കം

വാഷിംഗ്ടണ്‍: അമേരിക്കയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ അതീവ രഹസ്യ സ്വഭാവമുള്ള മെമ്മോയിലൂടെയാണ് ഹെഗ്സെത്ത് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കാനഡയ്ക്ക് കനത്ത പ്രഹരമായി കണക്കാക്കപ്പെടുന്ന ഈ പുതിയ നിയന്ത്രണങ്ങള്‍ ഇരുരാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സഹകരണവും വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
അമേരിക്കയുടെ പ്രതിരോധ ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും ഉഭയകക്ഷി ബന്ധം പുനഃക്രമീകരിക്കുന്നതിനുമാണ് പെന്റഗണ്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറിയുടെ വക്താവ് ഷോണ്‍ പാര്‍നെല്‍ പ്രതികരിച്ചു.
നാറ്റോ ബാധ്യതകള്‍ നിറവേറ്റാന്‍ കാനഡയെ സഹായിക്കുന്നതിനൊപ്പം, മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സഹകരണങ്ങള്‍ക്കാണ് പ്രതിരോധ വകുപ്പ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റത്തെയോ, നാറ്റോ സഖ്യത്തിന് കീഴിലുള്ള സൈനിക സഹകരണത്തെയോ ഹെഗ്സെത്തിന്റെ പുതിയ ഉത്തരവ് ബാധിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപീകരിച്ച നാറ്റോയുടെ സ്ഥാപക അംഗങ്ങളായ അമേരിക്കയും കാനഡയും, കൊളറാഡോയിലെ നോറാഡ് ആസ്ഥാനം വഴി വടക്കേ അമേരിക്കയുടെ ആകാശവും സമുദ്രാതിര്‍ത്തികളും സംരക്ഷിക്കുന്നതിനായി ദിവസേന ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്. പുതിയ മെമ്മോയോട് കാനഡ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പതിറ്റാണ്ടുകളായി അടുത്ത സൈനിക ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് അമേരിക്കയും കാനഡയും. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള യുദ്ധമുഖങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പം കനേഡിയന്‍ സൈനികരും പോരാടിയിട്ടുണ്ട്.
ബ്രിട്ടന്‍, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവരടങ്ങുന്ന ‘ഫൈവ് ഐസ്’ രഹസ്യാന്വേഷണ സഖ്യത്തിലും ഇരുരാജ്യങ്ങളും അംഗങ്ങളാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സഖ്യവുമായുള്ള രഹസ്യവിവരങ്ങള്‍ പങ്കുവെക്കുന്നത് അമേരിക്ക കുറച്ചുകൊണ്ടുവരികയാണ്.
ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ കാനഡയ്‌ക്കെതിരെയുള്ള നിലപാടുകള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്.
കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകണമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയിരുന്നു. 2025 മെയ് മാസത്തില്‍ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍, കാനഡ വില്‍പ്പനയ്ക്കുള്ളതല്ലെന്നും ഒരിക്കലും അങ്ങനെയാകില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ട്രംപിന് ശക്തമായ മറുപടി നല്‍കിയിരുന്നു.
ഇതിനുപുറമെ കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് മേല്‍ ട്രംപ് ഉയര്‍ന്ന തീരുവ ചുമത്തിയതും കാനഡയുടെ തിരിച്ചടി നടപടികളും വ്യാപാര ബന്ധത്തെയും വഷളാക്കി. അമേരിക്കന്‍ ആയുധങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാനഡ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതിര്‍ത്തി പങ്കിടുന്ന ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റാനുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവും, അതിനെതിരെ മാര്‍ക്ക് കാര്‍ണി നടത്തിയ ശക്തമായ പ്രതികരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.




