
കോഴിക്കോട്: ഐഎസ്എൽ പുതിയ സീസണിലെ തങ്ങളുടെ ഹോം മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താല്പര്യമറിയിച്ചു. ഫെബ്രുവരി 14-ന് ലീഗ് ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചതോടെയാണ് സ്റ്റേഡിയം കണ്ടെത്തുന്നതിനുള്ള നീക്കങ്ങൾ ക്ലബ്ബ് സജീവമാക്കിയത്. കോഴിക്കോടിന് പുറമെ മലപ്പുറം പയ്യനാട് സ്റ്റേഡിയവും ക്ലബ്ബിന്റെ പരിഗണനയിലുണ്ട്.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മത്സര നടത്തിപ്പിനുള്ള ഉയർന്ന ചെലവാണ് ക്ലബ്ബിനെ മാറ്റി ചിന്തിപ്പിക്കുന്നത്. ഒരു മത്സരത്തിന് 40-45 ലക്ഷം രൂപ വരെ കൊച്ചിയിൽ ചെലവ് വരുമ്പോൾ ടിക്കറ്റ് വരുമാനത്തിലൂടെ ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ലെന്ന് ക്ലബ്ബ് മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഇത്തവണ 30 കോടിയോളം രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മലബാറിലേക്ക് കളി മാറ്റുന്നത്.
Also Read: കോഹ്ലിയുടെ വമ്പൻ റെക്കോർഡ് തകരാൻ പോകുന്നു! 14-കാരൻ വൈഭവ് സൂര്യവംശിക്ക് വേണ്ടത് വെറും 6 റൺസ്
എന്നാൽ, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. സൂപ്പർക്രോസ് റേസിംഗിനായി വിട്ടുനൽകിയതിനെത്തുടർന്ന് സ്റ്റേഡിയത്തിലെ പുൽമൈതാനം തകർന്ന നിലയിലാണ്. ലോഡുകണക്കിന് മണ്ണും ടിപ്പർ ലോറികളും കയറി ടർഫ് കട്ടിയായതിനാൽ അത് പഴയപടിയാക്കാൻ ഇനിയും സമയമെടുക്കും. നിലവിലെ പുല്ല് പൂർണ്ണമായും നീക്കം ചെയ്ത്, മണ്ണും പൂഴിയും ചേർത്ത് മൈതാനം നിരപ്പാക്കേണ്ടതുണ്ട്. അതിനുശേഷം പുതിയ പുല്ല് വെച്ചുപിടിപ്പിച്ച് അത് വളർന്നു വന്നാൽ മാത്രമേ ഗ്രൗണ്ട് മത്സരസജ്ജമാകൂ. ഗ്രൗണ്ട് നിലവാരമില്ലാതെ മത്സരങ്ങൾ നടത്താൻ ഐഎസ്എൽ അധികൃതർ അനുമതി നൽകില്ല. മൈതാനത്തിന്റെ സ്വാഭാവികമായ രൂപഘടന നഷ്ടപ്പെട്ടതിനാൽ ഈ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്ടും പയ്യനാട്ടും പരിശോധന നടത്തിയിരുന്നു. ഗ്രൗണ്ട് എത്രയും വേഗം സജ്ജമാക്കാനായാൽ ഇക്കുറി മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് ഐഎസ്എൽ ആവേശം നേരിട്ട് നുകരാം.
കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിന് പുതിയ പരിശീലകൻ ഡേവിഡ് കാറ്റാലയെ അവതരിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ചില ഹോം മത്സരങ്ങൾ കോഴിക്കോട്ട് നടത്തുന്നതിനെക്കുറിച്ച് ക്ലബ്ബ് സിഇഒ അഭീക് ചാറ്റർജി സൂചന നൽകിയത്. ഈ പ്രഖ്യാപനം മലബാറിലെ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. എങ്കിലും, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് നിലവിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. ഐഎസ്എൽ അധികൃതരുടെ കർശനമായ സുരക്ഷാ-സൗകര്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം, ലീഗ് നിഷ്കർഷിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കിയാൽ മാത്രമേ മത്സരങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി ലഭിക്കുകയുള്ളൂ.
The post ബ്ലാസ്റ്റേഴ്സ് കളി ഇനി കോഴിക്കോട്ടോ? ഹോം ഗ്രൗണ്ടായി കോർപ്പറേഷൻ സ്റ്റേഡിയത്തെ പരിഗണിച്ച് കേരള ബ്ലാസ്റ്റേഴ്സ് appeared first on Express Kerala.



