
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയേറ്റുവാങ്ങിയ പരാജയത്തിന് കൃത്യമായ കാരണം വ്യക്തമാക്കി നായകൻ ശുഭ്മാൻ ഗിൽ രംഗത്ത്. മത്സരത്തിന്റെ മധ്യ ഓവറുകളിൽ ന്യൂസിലാൻഡ് ബാറ്റർമാരുടെ വിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് ഗിൽ പറഞ്ഞു. ഇന്ത്യ കുറച്ചുകൂടി റൺസ് അധികം നേടിയിരുന്നെങ്കിൽ പോലും, വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തിടത്തോളം വിജയം അസാധ്യമാണെന്നും മത്സരശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ പത്തോവറിൽ ന്യൂസിലാൻഡ് ഓപ്പണർമാരെ പുറത്താക്കി ഇന്ത്യ മികച്ച തുടക്കം നേടിയിരുന്നു. എന്നാൽ പിന്നീട് അഞ്ച് ഫീൽഡർമാർ സർക്കിളിനകത്ത് നിൽക്കുന്ന നിർണ്ണായകമായ മധ്യ ഓവറുകളിൽ വിക്കറ്റുകൾ എടുക്കാൻ ബൗളർമാർക്ക് സാധിച്ചില്ല. ഈ ഘട്ടത്തിൽ കിവികൾ മനോഹരമായി ബാറ്റ് ചെയ്തതോടെ കളി ഇന്ത്യയുടെ കൈപ്പിടിയിൽ നിന്ന് നഷ്‌ടപ്പെടുകയായിരുന്നു. 15-20 റൺസ് അധികം സ്കോർ ചെയ്തിരുന്നെങ്കിലും മധ്യ ഓവറുകളിലെ ഈ പരാജയം ഫലം മാറ്റില്ലായിരുന്നുവെന്നാണ് ഗില്ലിന്റെ വിലയിരുത്തൽ.
രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 285 റൺസ് ലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിയും വിൽ യങ്ങിന്റെ അർധസെഞ്ചുറിയുമാണ് കിവികൾക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായി. ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു.
The post റൺസ് എടുത്തിട്ടും കാര്യമില്ല, അവിടെയാണ് ഞങ്ങൾക്ക് പിഴച്ചത്’; തോൽവിക്ക് പിന്നാലെ കാരണം വെളിപ്പെടുത്തി ഗിൽ! appeared first on Express Kerala.



