കോഴിക്കോട് യാത്രക്കാർ ബസ്സിലിരിക്കെ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടയടി. സിറ്റി-പന്തീരാങ്കാവ് റൂട്ടിലെ മത്സരയോട്ടമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് ബസ്സുകളുടെ ചില്ലുകൾ ജീവനക്കാർ അടിച്ചുതകർത്തു. രംഗം ശാന്തമാക്കിയത് നാട്ടുകാർ ഇടപെട്ട്

കോഴിക്കോട്: യാത്രക്കാർ ബസ്സിലിരിക്കെ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. സിറ്റി-പന്തീരാങ്കാവ് റൂട്ടിലെ മത്സരയോട്ടമാണ് കൂട്ടയടിയിൽ കലാശിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കോന്തനാരി സലീന പാലസിന് സമീപമായിരുന്നു സംഭവം. പെരുമണ്ണ റൂട്ടിലോടുന്ന ‘ഇഷികമോൾ’, പൊക്കുന്ന് വരെയോടുന്ന ‘ഗുരുകൃപ’ എന്നീ ബസ്സുകളിലെ ജീവനക്കാരാണ് നടുറോഡിൽ തമ്മിലടിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
വൈകീട്ട് നാലരമണിയോടെ കോട്ടപ്പറമ്പ്, കല്ലായി റോഡ്, എം.സി.സി ബാങ്ക് ഭാഗങ്ങളിൽ വെച്ച് ബസ്സുകൾ തമ്മിലുണ്ടായ ഉരസലും വാക്കുതർക്കവുമാണ് കോന്തനാരിയിലെ കൂട്ടയടിയിലേക്ക് നയിച്ചത്.
സിറ്റി മുതൽ കിണാശ്ശേരി വരെ പരസ്പരം പ്രശ്നങ്ങളുണ്ടാക്കിയ ശേഷം, പൊക്കുന്ന് വരെ മാത്രം റൂട്ടുള്ള ‘ഗുരുകൃപ’ ബസ് യാത്രക്കാരെ ഇറക്കി കോന്തനാരിയിൽ നിർത്തിയിടുകയായിരുന്നു.
തുടർന്ന് ഇരുബസ്സുകളിലെയും ജീവനക്കാർ ഏറ്റുമുട്ടുകയും പരസ്പരം ബസ്സുകളുടെ ചില്ലുകൾ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
സംഘർഷത്തിനിടെ പെരുമണ്ണ ബസ്സിൽ നിന്നും യാത്രക്കാരെ ഇറക്കിവിടാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും യാത്രക്കാർ കൂട്ടമായി ഇതിനെ എതിർത്തു. ഇതോടെ പെരുമണ്ണ ബസ് യാത്ര തുടരുകയായിരുന്നു.
ബസ് ജീവനക്കാർ തമ്മിലുള്ള തെറിവിളിയും അമിതവേഗത്തിലുള്ള മത്സരയോട്ടവും കാരണം ജീവൻ പണയം വെച്ചാണ് യാത്ര ചെയ്യേണ്ടിവരുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.




