റിക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടുന്നു; പകരം വരുന്നത് നാല് ജയിലുകൾ, പ്രഖ്യാപനവുമായി ന്യൂയോർക്ക് മേയർ

ന്യൂയോർക്ക്: ന്യൂയോർക്കിലെ റിക്കേഴ്സ് ഐലൻഡ് ജയിൽ സമുച്ചയം അടച്ചുപൂട്ടി പകരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പുതിയ ജയിലുകൾ നിർമിക്കാനുള്ള പദ്ധതി മേയർ സൊഹ്റാൻ മംദാനി പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റിനകം ജയിൽ അടച്ചുപൂട്ടണമെന്നാണ് നിയമപരമായ സമയപരിധി എങ്കിലും, ഇത് 2032ലേക്ക് നീട്ടാനാണ് പുതിയ നിർദ്ദേശം. ആറ് വർഷത്തെ ഈ പദ്ധതിക്ക് സിറ്റി കൗൺസിലിന്റെ അനുമതി ആവശ്യമാണ്.
ഏകദേശം 4,100 പേരെ ഉൾക്കൊള്ളാവുന്ന നാല് പുതിയ ജയിലുകളാണ് നിർമ്മിക്കുന്നത്. 2029ൽ ബ്രൂക്ലലിനിലും, 2031-ൽ ബ്രോങ്ക്സ്, ക്വീൻസ് എന്നിവിടങ്ങളിലും, 2032ൽ മാൻഹറ്റനിലും പുതിയ ജയിലുകൾ തുറക്കും. നിലവിൽ റിക്കേഴ്സിലുള്ള തടവുകാരുടെ എണ്ണം (ജൂണിൽ ഏകദേശം 6,700 പേർ) 2029-ഓടെ 5,500 ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വിചാരണ കാത്തുനിൽക്കുന്നവരുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനും മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനും പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും.
തൊഴിൽ പരിശീലനം, വിദ്യാഭ്യാസം, ലഹരിമുക്ത ചികിത്സ, മാനസികാരോഗ്യ കൗൺസിലിംഗ് എന്നിവയ്ക്കായി 50 മില്യൻ ഡോളറും, വിചാരണയ്ക്ക് മുൻപ് ആളുകളെ ജയിലിന് പുറത്ത് നിർത്തി നിരീക്ഷിക്കുന്ന കമ്മ്യൂണിറ്റി പ്രോഗ്രാമുകൾക്കായി 76 മില്യൻ ഡോളറും വകയിരുത്തിയിട്ടുണ്ട്.
ജയിൽ അടച്ചുപൂട്ടുന്നതിനെ അനുകൂലിക്കുന്നവർ ഉണ്ടെങ്കിലും, നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണവും ഗതാഗതക്കുരുക്കും പ്രദേശവാസികളെ ബാധിക്കുമെന്ന് ചില സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. തടവുകാരുടെ എണ്ണം പ്രതീക്ഷിച്ചത്ര കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ആശങ്കയും ചില മുൻ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു. റിക്കേഴ്സ് ഐലൻഡിൽ തന്നെ ആധുനിക സൗകര്യങ്ങളുള്ള ജയിൽ നിർമ്മിക്കുന്നതാണ് നല്ലതെന്ന് വാദിക്കുന്നവരും ഉണ്ട്.
അക്രമസംഭവങ്ങളും സുരക്ഷാ പ്രശ്നങ്ങളും കാരണം ഏറെ പഴികേട്ട ജയിലാണ് റിക്കേഴ്സ് ഐലൻഡ്. 2027ലെ സമയപരിധി മാറ്റാൻ മേയർക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ല; ഇതിന് സിറ്റി കൗൺസിലിന്റെ അംഗീകാരം അനിവാര്യമാണ്.




