ബിജെപി വിട്ട പത്മജ കോണ്‍ഗ്രസിലേക്ക്; അടുത്ത മാസം അംഗത്വം, കരുണാകരന് അനുസ്മരണത്തില്‍ പങ്കെടുക്കും, ഫേസ്ബുക്കില്‍ മാപ്പപേക്ഷ രേഖപ്പെടുത്തിയത് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന് അടുത്ത മാസം ആദ്യം കോണ്‍ഗ്രസില്‍ അംഗത്വം നല്കാന് ധാരണയായി. ഡിസംബര്‍ 23ന് നടക്കുന്ന കെ.കരുണാകരന് അനുസ്മരണ ചടങ്ങില്‍ പത്മജ പങ്കെടുക്കും.
കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ മാപ്പപേക്ഷ രേഖപ്പെടുത്തിയത് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. ഇതോടെ പത്മജയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ അതൃപ്തിക്ക് പരിഹാരമായി എന്നാണ് വിലയിരുത്തല്‍.
കെ.കരുണാകരന് ട്രസ്റ്റ് നടത്തുന്ന പരിപാടികളില്‍ പങ്കെടുത്തുകൊണ്ടായിരിക്കും പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ്. അതിന് മുന്‍പ് തന്നെ കെപിസിസി ഓഫീസില്‍ വെച്ച് പാര്‍ട്ടിയുടെ അംഗത്വം നല്കി അവരെ കോണ്‍ഗ്രസിലേക്ക് തിരികെ എടുക്കാനാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.
പത്മജയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കെ.കരുണാകരന്റെ മകളുടെ കോണ്‍ഗ്രസിലേക്കുള്ള പുനഃപ്രവേശനം വിവാദ വഴികളിലൂടെ ആവരുത് എന്ന നിര്‍ബന്ധം നേതാക്കള്‍ക്ക് ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണ് മാപ്പ് പറഞ്ഞ് പാര്‍ട്ടിയിലേക്ക് വരിക എന്ന നിര്‍ദേശം പത്മജയ്ക്ക് നല്‍കിയത്. നേതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് പത്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്.
പത്മജയുടെ തിരിച്ചുവരവിനായി കോണ്‍ഗ്രസ് നേതൃത്വം മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. പത്മജ തന്റെ ആഗ്രഹം ആദ്യം സഹോദരന് കെ.മുരളീധരനോടാണ് പറഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രി, കെപിസിസി അധ്യക്ഷന്‍ എന്നിവരുമായി കെ.മുരളീധരന് ചര്‍ച്ച നടത്തി. അവരുടെ പച്ചക്കൊടി ലഭിച്ചതിനുശേഷമാണ് പത്മജ ബിജെപി വിടുന്ന കാര്യവും കോണ്‍ഗ്രസിലേക്ക് വരാനുള്ള ആഗ്രഹവും പരസ്യമാക്കിയത്.




