മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണ്ണായക വഴിത്തിരിവ്; യു. ഷറഫലിയുടെ സ്പോർട്സ് അക്കാദമിയിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നിന്ന് രണ്ട് കോടി രൂപ എത്തിയതായി എസ്ഐടി കണ്ടെത്തൽ. കലൂർ സ്റ്റേഡിയം കൈമാറിയ അതേ ദിവസം തന്നെയാണ് പണം അക്കൗണ്ടിലെത്തിയതെന്ന് സംശയം; ഷറഫലിയെയും മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെയും വീണ്ടും ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരം: ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന വാഗ്ദാനത്തിന്റെ മറവില്‍ നടന്ന സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്.
കേസിലെ പ്രതിസ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയില്‍ (ആര്‍ബിസി) നിന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലിയുടെ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ആര്‍ബിസിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ഈ പണമിടപാടിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
തട്ടിപ്പിന്റെ പ്രാരംഭ ഘട്ടം മുതലുള്ള ഇടപാടുകളില്‍ ദുരൂഹത നിലനിന്നിരുന്നതിനാല്‍ ഷറഫലിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എസ്ഐടി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് നിയമനടപടികള്‍ ഊര്‍ജ്ജിതമായത്.
2025 സെപ്റ്റംബറിലാണ് ഷറഫലി മാനേജിങ് ഡയറക്ടറായ അരീക്കോട്ടെ സ്പോര്‍ട്സ് അക്കാദമിയിലേക്ക് ഈ തുക കൈമാറിയത്. രണ്ട് ഡയറക്ടര്‍മാര്‍ മാത്രമുള്ള സ്ഥാപനമാണിത്.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ആര്‍ബിസിക്ക് കൈമാറിയതും ഈ പണമിടപാട് നടന്നതും ഒരേ കാലയളവിലാണെന്നും, സ്റ്റേഡിയം വിട്ടുനല്‍കിയ അതേ ദിവസം തന്നെയാണ് അക്കൗണ്ടിലേക്ക് പണം എത്തിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.




