തിരുമല വെങ്കിടേശ്വര സ്വാമിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത വഴിപാടായി 121 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ സമർപ്പിക്കാൻ ഒരുങ്ങി ചെന്നൈ വ്യവസായി. 160 കോടി രൂപയോളം വിപണി മൂല്യമുള്ള 43 അമൂല്യ ആഭരണങ്ങളാണ് ഭഗവാന് മുൻപിൽ സമർപ്പിക്കുന്നത്; വ്യാഴാഴ്ച രംഗനായകുല മണ്ഡപത്തിൽ വെച്ച് കാണിക്ക ഏറ്റുവാങ്ങാൻ വിപുലമായ ക്രമീകരണങ്ങളൊരുക്കി ദേവസ്വം ബോർഡ്

തിരുപ്പതി: തിരുമല വെങ്കിടേശ്വര സ്വാമിക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത വഴിപാടായി 121 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങി ചെന്നൈ സ്വദേശിയായ വ്യവസായി.
ഏകദേശം 150 മുതല്‍ 160 കോടി രൂപ വരെ വിപണി മൂല്യം വരുന്ന അമൂല്യമായ ആഭരണങ്ങളാണ് വ്യാഴാഴ്ച ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അധികൃതരുമായി വ്യവസായി ഇതുസംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒമ്പത് സെറ്റുകളിലായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 43 സ്വര്‍ണ്ണാഭരണങ്ങളാണ് ഭക്തന്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്നത്. വെങ്കിടേശ്വര സ്വാമിക്കുള്ള കിരീടം, പാദുകങ്ങള്‍, വിവിധ തരത്തിലുള്ള മാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു വ്യക്തിഗത ഭക്തന്‍ തിരുമലയില്‍ സമര്‍പ്പിക്കുന്ന എക്കാലത്തെയും വലിയ കാണിക്കയായിരിക്കും ഇതെന്ന് ദേവസ്വം വൃത്തങ്ങള്‍ വിലയിരുത്തുന്നു.
അഞ്ച് മാസം മുന്‍പ് ക്ഷേത്രദര്‍ശനത്തിനെത്തിയ വ്യവസായി, ഭഗവാന് അണിയിക്കുന്നതിനായി ആവശ്യമായ സ്വര്‍ണ്ണാഭരണങ്ങളുടെ വിശദാംശങ്ങള്‍ ക്ഷേത്ര അധികൃതരോട് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 45 ഓളം ആഭരണങ്ങള്‍ പ്രത്യേകമായി നിര്‍മ്മിക്കാന്‍ അദ്ദേഹം ഓര്‍ഡര്‍ നല്‍കിയത്.
വ്യാഴാഴ്ച ക്ഷേത്രത്തിലെ രംഗനായകുല മണ്ഡപത്തില്‍ വെച്ച് ഈ ആഭരണങ്ങള്‍ ഔദ്യോഗികമായി ഏറ്റുവാങ്ങുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.




