കൂടുതൽ വിവാഹേതര ബന്ധങ്ങൾ; എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് മടങ്ങുന്നതിന് മുമ്പ് ബോർഡിനോട് വെളിപ്പെടുത്തി ജെൻസൻ ഹുവാങ് | Jensen Huang additional affairs report

വിവാദങ്ങൾക്കിടെ എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് കൂടുതൽ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് കമ്പനി ഡയറക്ടർ ബോർഡിനോട് വെളിപ്പെടുത്തി ജെൻസൻ ഹുവാങ്. നേരത്തെ പുറത്തുവന്ന മൂന്ന് ബന്ധങ്ങൾക്ക് പുറമേയുള്ള കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയതെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. എന്നാൽ എത്ര ബന്ധങ്ങളെക്കുറിച്ചാണ് അദ്ദേഹം ബോർഡിനോട് പറഞ്ഞതെന്ന് വ്യക്തമല്ല. (Jensen Huang additional affairs report)
സിഇഒ സ്ഥാനത്ത് നിന്ന് മാറിനിന്ന് 11 ദിവസത്തിന് ശേഷമാണ് ഹുവാങ് വീണ്ടും ചുമതലയേറ്റത്. തിരിച്ചുവരവിന് തൊട്ടുമുമ്പ് ഞായറാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ മണിക്കൂറുകളോളം അദ്ദേഹം വിശദീകരണം നൽകിയതായാണ് റിപ്പോർട്ട്. തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച ഹുവാങ്, നേരത്തെ മാധ്യമങ്ങളിൽ വന്ന വിവരങ്ങൾക്കപ്പുറമുള്ള ബന്ധങ്ങളെക്കുറിച്ചും യോഗത്തിൽ സംസാരിച്ചതായാണ് സൂചന.
ചൈനീസ് വ്യവസായിയും സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡിന്റെ മുൻ എക്സിക്യൂട്ടീവുമായ ആലീസ് ഹുവാങുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. ആലീസ് ഹുവാങിന് ചൈനീസ് ചാരബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ട്. എൻവിഡിയ വൈസ് പ്രസിഡന്റ് കിംബർലി പവലുമായും മറ്റൊരു ജീവനക്കാരിയുമായും ഹുവാങിന് ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പിന്നാലെ പുറത്തുവന്നു.
തിരിച്ചെത്തിയതിന് പിന്നാലെ ജീവനക്കാരെ അഭിസംബോധന ചെയ്ത ഹുവാങ് വിവാദങ്ങൾക്കിടയാക്കിയ സംഭവങ്ങളിൽ ക്ഷമാപണം നടത്തി. താൻ ഗുരുതരമായ ചില തെറ്റുകൾ ചെയ്തുവെന്നും അതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു അവസരം നൽകിയ ജീവനക്കാർക്ക് നന്ദി അറിയിച്ച അദ്ദേഹം മികച്ച സിഇഒയായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഹുവാങിന്റെ തിരിച്ചുവരവിനെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാടെന്ന് ട്രംപ് പറഞ്ഞു. അതേസമയം, എൻവിഡിയയുടെ ചിപ്പുകൾ ചൈനയിലേക്ക് അനധികൃതമായി കൈമാറിയെന്ന സംശയവുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുകയാണ്. എൻവിഡിയയുടെ പങ്കാളിയായ മെഗാസ്പീഡിനെയും മറ്റു ചില സ്ഥാപനങ്ങളെയും അമേരിക്കൻ വാണിജ്യ വകുപ്പ് വ്യാപാര നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Summary: Nvidia CEO Jensen Huang reportedly disclosed additional extramarital affairs to the company’s board before returning to his position. The disclosures came during a lengthy meeting a day before his reinstatement, as the controversy surrounding his alleged relationships and Nvidia’s business links to China continues.




