‘ബാറ്റ്മൊബൈലിന് പകരം പോത്ത്’; മാധുരി ദീക്ഷിതിന്റെ പാട്ടിനൊപ്പം ദേസി ബാറ്റ്മാൻ, ഇൻസ്റ്റഗ്രാമിൽ തരംഗമായി എഐ വീഡിയോകൾ | Desi Batman viral Instagram videos

ബാറ്റ്മാൻ ഗോതം നഗരത്തിലെ കുറ്റവാളികളോട് പോരാടുന്ന പതിവ് കാഴ്ചകൾക്ക് പകരം ഇന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ സൂപ്പർഹീറോയെ അവതരിപ്പിച്ചുള്ള എഐ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാറ്റ്മൊബൈലിന് പകരം പോത്തിനെ വാഹനമാക്കിയും ഗ്രാമീണ വഴികളിലൂടെയും റെയിൽവേ ട്രാക്കുകൾക്കരികിലൂടെയും സഞ്ചരിച്ചും എത്തുന്ന ‘ദേസി ബാറ്റ്മാനാണ്’ ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ പുതിയ താരം. 1999ൽ പുറത്തിറങ്ങിയ മാധുരി ദീക്ഷിതിന്റെ ‘സാജൻ സാജൻ തേരി ദുൽഹൻ’ എന്ന ഗാനമാണ് ഈ വീഡിയോകൾക്ക് മറ്റൊരു കൗതുകം നൽകുന്നത്. (Desi Batman viral Instagram videos)
View this post on Instagram
ബെംഗളൂരുവിൽ നിന്നുള്ള എഐ ക്രിയേറ്ററായ സുജൽ ജയ്സ്വാറാണ് ഈ വീഡിയോകൾക്ക് പിന്നിൽ. ഹൗസ് ഓഫ് എഡ്ടെക്കിൽ എഐ ജനറലിസ്റ്റായി ജോലി ചെയ്യുന്ന അദ്ദേഹം ഡിസി കോമിക്സിലെ ബാറ്റ്മാനെ തികച്ചും നാടൻ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമച്ചന്തകൾ, ഓട്ടോറിക്ഷകൾ, ചായക്കടകൾ, റെയിൽവേ ട്രാക്കുകൾ തുടങ്ങിയ പരിചിതമായ ഇടങ്ങളിലാണ് വീഡിയോകളിലെ സംഭവങ്ങൾ നടക്കുന്നത്. വൈറലായ ഒരു വീഡിയോയിൽ ഗ്രാമത്തിലെ റെയിൽവേ ട്രാക്കിന് സമീപം പല്ലുതേക്കുന്ന ബാറ്റ്മാനെയാണ് ആദ്യം കാണുന്നത്. ഇതിനിടെ കാണാതായ ഒരു കുട്ടിയെക്കുറിച്ചുള്ള പോസ്റ്റർ ശ്രദ്ധയിൽപ്പെടുന്നു. മറുവശത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന ജോക്കർ മിഠായി നൽകി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നു. വിവരം അറിഞ്ഞ ബാറ്റ്മാൻ വേഷം മാറി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു. എന്നാൽ പതിവുപോലെ ബാറ്റ്മൊബൈലിൽ കയറുന്നതിന് പകരം പോത്തിന്റെ പുറത്താണ് യാത്ര. ഒടുവിൽ ജോക്കറുമായി ഏറ്റുമുട്ടി കുട്ടിയെ രക്ഷിക്കുകയും ചെയ്യുന്നു.
View this post on Instagram
സൂപ്പർഹീറോ ആക്ഷനും നാടൻ ജീവിതത്തിലെ കാഴ്ചകളും ചേർത്തുള്ള അവതരണമാണ് വീഡിയോകളെ ശ്രദ്ധേയമാക്കിയത്. ഏകദേശം രണ്ടാഴ്ചയ്ക്കിടെ ഈ സീരീസിന് ഇൻസ്റ്റഗ്രാമിൽ 2.5 കോടിയിലേറെ കാഴ്ചകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു വീഡിയോ മാത്രം 1.7 കോടിയിലധികം പേർ കണ്ടു.
വീഡിയോകളുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ച മാധുരി ദീക്ഷിതിന്റെ ‘സാജൻ സാജൻ തേരി ദുൽഹൻ’ എന്ന ഗാനവും ട്രെൻഡിന്റെ ഭാഗമായി. ‘ആർസൂ’ എന്ന ചിത്രത്തിലെ ഈ ഗാനം ആൽക്ക യാഗ്നിക് ആലപിച്ചതും അനു മാലിക് സംഗീതം നൽകിയതുമാണ്. ബാറ്റ്മാന്റെ ഗൗരവമേറിയ ആക്ഷൻ രംഗങ്ങൾക്കൊപ്പം പ്രണയഗാനം ചേർത്തതിലെ വൈരുധ്യമാണ് വീഡിയോകൾക്ക് ഹാസ്യസ്വഭാവം നൽകിയത്. പിന്നാലെ മറ്റ് ക്രിയേറ്റർമാരും ഇതേ റീമിക്സ് ഉപയോഗിച്ച് വീഡിയോകൾ ഒരുക്കിത്തുടങ്ങി.
ട്രെൻഡിൽ ആമസോൺ മ്യൂസിക് ഇന്ത്യയും പങ്കുചേർന്നു. മാധുരി ദീക്ഷിത് ഒറിജിനൽ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. ആക്ഷനിലേക്ക് കടക്കുന്നതിന് മുമ്പ് ബാറ്റ്മാനും ഒരു ആവേശഗാനം ആവശ്യമാണെന്ന രസകരമായ കുറിപ്പും പോസ്റ്റിനൊപ്പം ചേർത്തു.
Summary: AI creator Sujal Jaiswar’s Desi Batman videos have gone viral on Instagram, placing the superhero in familiar Indian settings and replacing his Batmobile with a buffalo. A remix of Madhuri Dixit’s 1999 song ‘Saajan Saajan Teri Dulhan’ has become an unexpected soundtrack for the trend.




