“ഇതര ജാതിയിൽപ്പെട്ട വിവാഹിതയായ യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ എതിർപ്പ്”: ഉറങ്ങിക്കിടന്ന 33-കാരനായ മകനെ മരത്തടികൊണ്ട് അടിച്ചുകൊന്ന അമ്മ അറസ്റ്റിൽ | Tumakuru murder case

ബംഗളൂരു: ഇതര ജാതിയിൽപ്പെട്ട വിവാഹിതയായ യുവതിയെ വിവാഹം കഴിക്കാൻ മകൻ തീരുമാനിച്ചതിനെ എതിർത്ത അമ്മ, ഉറങ്ങിക്കിടന്ന മകനെ ആക്രമിച്ച് കൊലപ്പെടുത്തിയതായി പൊലീസ് (Tumakuru murder case). കർണാടകയിലെ തുമകൂരു ജില്ലയിലെ ജക്കേനഹള്ളി ഗ്രാമത്തിലാണ് സംഭവം. 33കാരനായ മുത്തുരാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാവ് ശിവമ്മയെ (55) പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 22ന് രാത്രി വീടിന് പുറത്ത് പായയിൽ ഉറങ്ങുകയായിരുന്ന മുത്തുരാജിനെ മൂർച്ചയുള്ള മരത്തടി ഉപയോഗിച്ച് ശിവമ്മ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. തിങ്കളാഴ്ച രാവിലെ സഹോദരി വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് മുത്തുരാജിനെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചോദ്യംചെയ്യലിൽ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്
മുത്തുരാജിന്റെ തലയിലും മുഖത്തും പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തു. ഇതിനിടെ മകനെ കൊലപ്പെടുത്തിയത് താനാണെന്ന് ശിവമ്മ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ശിവമ്മയുടെ പങ്ക് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായാണ് വിവരം.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മുത്തുരാജ് പ്രകടിപ്പിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ തീരുമാനത്തെ അമ്മ എതിർത്തിരുന്നു.
അതേസമയം, മുത്തുരാജും യുവതിയും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരോട് യുവതിയും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം. വിവാഹത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ നേരത്തെ വഴക്കുകളോ തർക്കങ്ങളോ ഉണ്ടായിരുന്നതായും വിവരമില്ലെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു
രണ്ട് മാസത്തോളമായി ബംഗളൂരുവിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു മുത്തുരാജ്. സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് ജക്കേനഹള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയത്.
സാധാരണയായി രണ്ടോ മൂന്നോ മാസം വീട്ടിൽനിന്ന് മാറിനിന്ന ശേഷം ഏതാനും ദിവസത്തേക്ക് നാട്ടിലെത്തുന്നതായിരുന്നു പതിവ്. അതിനാൽ മുത്തുരാജ് ഏത് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നതെന്നോ ജോലിയുടെ സ്വഭാവം എന്താണെന്നോ കുടുംബാംഗങ്ങൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
Story Summary:
A 55-year-old woman, Shivamma, has been arrested in Karnataka’s Tumakuru district for allegedly killing her 33-year-old son, Muthuraj. Police say she attacked him with a wooden stick while he was sleeping outside their home in Jakkenahalli village. The alleged motive was her opposition to his decision to marry a married woman from another caste. Police stated that the two did not have a romantic relationship.




