
‘പോർ തൊഴിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘കര’യുടെ ആവേശം നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊങ്കൽ ദിനത്തോടനുബന്ധിച്ച് വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് പോസ്റ്റർ പുറത്തുവിട്ടത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം തെന്നിന്ത്യൻ സിനിമയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ധനുഷ് ചിത്രത്തിന് പുറമെ, ദളപതി വിജയ്‍യുടെ ‘ജനനായകൻ’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളുടെ വേഷത്തിലും സൂര്യയുടെ 46-ാം ചിത്രത്തിൽ നായികയായും മമിത എത്തുന്നുണ്ട്. ഇതോടെ തമിഴിലെ മുൻനിര നായകന്മാർക്കൊപ്പം ഒരേസമയം തിളങ്ങാനുള്ള അപൂർവ്വ അവസരമാണ് മമിതയ്ക്ക് കൈവന്നിരിക്കുന്നത്.
ജി.വി. പ്രകാശ് കുമാർ സംഗീതം പകരുന്ന ധനുഷ് ചിത്രം ‘കര’യിൽ മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം വരും ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചനകൾ. ധനുഷിന്റെ കരിയറിലെ മറ്റൊരു പ്രധാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ പ്രോജക്റ്റിനെ നോക്കിക്കാണുന്നത്.
Also Read: ‘നാഗബന്ധ’ത്തിൽ പാർവതിയായി നഭാ നടേഷ്; മകരസംക്രാന്തി ദിനത്തിൽ ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ
അതേസമയം, ധനുഷ് തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഇഡ്ലി കടൈ’ ആണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. ‘തിരുച്ചിദ്രമ്പലം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ നാലാമത്തെ സംവിധാന സംരംഭമാണ്. ശാലിനി പാണ്ഡേ പ്രധാന വേഷത്തിലെത്തിയ ഈ സിനിമ വണ്ടർബാർ ഫിലിംസും ഡോൺ പിക്ചേഴ്സും ചേർന്നാണ് നിർമ്മിച്ചത്.
The post ധനുഷിനൊപ്പം മമിത; വിഘ്‌നേശ് രാജ ചിത്രം ‘കര’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്; തമിഴകം കീഴടക്കാൻ മമിത ബൈജു! appeared first on Express Kerala.



