വിവാഹനിശ്ചയത്തിന്റെ തലേന്ന് 19-കാരിയായ മകളെ പിതാവ് കൊലപ്പെടുത്തി. മാതൃസഹോദരന്റെ മകനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അരുംകൊല. കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും ശ്രമം. തിടുക്കപ്പെട്ട് സംസ്കാരം നടത്തിയതിൽ ഗ്രാമവാസികൾക്ക് തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദിൽ വിവാഹനിശ്ചയത്തിന്റെ തലേന്ന് 19-കാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
കല്യാണി എന്ന പെൺകുട്ടിയെയാണ് പിതാവ് കൈലാസ് കൊലപ്പെടുത്തിയത്. നവംബർ 25-ന് മറ്റൊരു യുവാവുമായി കല്യാണിയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെ, നവംബർ 24-നായിരുന്നു നാടിനെ നടുക്കിയ സംഭവം.
മാതൃസഹോദരന്റെ മകനുമായി താൻ പ്രണയത്തിലാണെന്ന് നവംബർ 23-ന് വൈകുന്നേരം കല്യാണി മാതാപിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് വീട്ടിൽ രൂക്ഷമായ വഴക്കുണ്ടാവുകയും, കോപാകുലനായ പിതാവ് കൈലാസ് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കല്യാണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചു. തൂങ്ങിമരിച്ചതാണെന്ന് തോന്നിപ്പിക്കാനായി കഴുത്തിൽ തുണികൊണ്ട് കുരുക്കുണ്ടാക്കി മൃതദേഹം കെട്ടിത്തൂക്കി.
മാതാപിതാക്കൾ നിശ്ചയിച്ച വിവാഹത്തിന് താൽപര്യമില്ലാത്തതിനാൽ മകൾ ജീവനൊടുക്കിയെന്നാണ് കൈലാസ് ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞത്.
എന്നാൽ, മരണം നടന്ന ഉടൻതന്നെ തിടുക്കപ്പെട്ട് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയതോടെ ഗ്രാമവാസികളിൽ ചിലർക്ക് സംശയം തോന്നുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും മകളെ കൊലപ്പെടുത്തിയതാണെന്ന് കൈലാസ് കുറ്റസമ്മതം നടത്തി.




