Skip to content
November 27, 2026
⌕

വെള്ളാപ്പള്ളിയുടെ മലക്കംമറിച്ചിലിൽ മുഖ്യമന്ത്രി ജാഗ്രതയോടെ നീങ്ങണമെന്ന് കോൺഗ്രസ് പ്രവർത്തകർ. വി.ഡി. സതീശനെ എല്ലാ ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നയാളാണ് വെള്ളാപ്പള്ളി. ഇത്തരം സമുദായ ശക്തികളോട് പോരാടി വിജയിച്ചയാളാണ് വി.ഡി. സതീശൻ. അത് മറക്കരുതെന്നും സൈബറിടത്ത് കോൺഗ്രസ് പ്രവർത്തകർ.

November 26, 2026
Share this post to

കോട്ടയം: വെള്ളാപ്പള്ളിയുടെ മലക്കംമറിച്ചിലിൽ മുഖ്യമന്ത്രി ജാഗ്രതയോടെ നീങ്ങണമെന്ന് കോൺഗ്രസ് പ്രവർത്തകർ. വി.ഡി. സതീശനെ എല്ലാ ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നയാളാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

 മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയടക്കം പ്രതിയായി വിജിലൻസ് കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിൽ കൂടി പുതിയ നിലപാടിനെ കാണണമെന്നും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിൽ പോലും മുഖ്യമന്ത്രിയെ അതിരൂക്ഷമായി വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണമെന്നും കൂടുതൽ പക്വത പ്രകടിപ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് മുമ്പ് ആവശ്യപ്പെട്ടവർ ഇപ്പോൾ അഹങ്കാരവും അനാദരവും നിറഞ്ഞ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

 സതീശൻ പലപ്പോഴും തന്റെ സ്ഥാനത്തിന്റെ അന്തസ്സും പദവിയും മറക്കാറുണ്ടെന്നും വെള്ളാപ്പള്ളി ശക്തമായ വിമർശനം ഉന്നയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മെയ് എട്ടിന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ തന്നെ ‘ഒരു ചുക്കും ചെയ്യില്ല’ എന്നും, സതീശൻ മുസ്‌ലിം ലീഗിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു.

ഇപ്പോൾ തനിക്ക് വി.ഡി. സതീശനോട് വ്യക്തിപരമായി യാതൊരു പിണക്കവുമില്ലെന്നും, മുൻപ് നടത്തിയ വിമർശനങ്ങൾ വിഷയാധിഷ്ഠിതം മാത്രമായിരുന്നുവെന്നുമാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്.
സതീശൻ കണിച്ചുകുളങ്ങരയിൽ വന്നാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കോൺഗ്രസ് പ്രവർത്തകർ വെള്ളാപ്പള്ളിയുടെ വിശദീകരണത്തിൽ തൃപ്തരല്ല. വി.ഡി. സതീശനെ നിരന്തരം വേട്ടയാടിയവർ ഇപ്പോൾ അധികാരം കിട്ടിയപ്പോൾ അടുത്തുകൂടാൻ ശ്രമിക്കുകയാണെന്നും സൈബറിടത്ത് അണികൾ വിമർശനം ശക്തമാക്കുന്നു. ഇത്തരം സമുദായ ശക്തികളോട് പോരാടി വിജയിച്ചയാളാണ് വി.ഡി. സതീശൻ. അത് മറക്കരുതെന്നും പ്രവർത്തകർ പറയുന്നു.

വെള്ളാപ്പള്ളിക്കൊപ്പം വി.ഡി. സതീശനെ നിരന്തരം വിമർശിച്ചയാളാണ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എന്നാൽ, മുഖ്യമന്ത്രിയുമായുള്ള ഭിന്നത എൻ.എസ്.എസ്. അവസാനിപ്പിക്കുകയും മന്നം ജയന്തി സമ്മേളനത്തിൽ ഉദ്ഘാടകനായി ക്ഷണിക്കുകയും മുഖ്യമന്ത്രി ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.

Get more updates from Pudukad News on Google