മാലദ്വീപ് സ്വദേശിക്ക് നൂതന നട്ടെല്ല് ശസ്ത്രക്രിയ; ചികിത്സയുമായി കിംസ്ഹെൽത്ത് | KIMSHEALTH Thiruvananthapuram

തിരുവനന്തപുരം: ഡിജനറേറ്റീവ് സ്പൈനൽ സ്റ്റെനോസിസ് ബാധിച്ച 72 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് നൂതന ശസ്ത്രക്രിയയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത് (KIMSHEALTH Thiruvananthapuram). നാഡികളിൽ സമ്മർദ്ദമുണ്ടാക്കുന്ന രീതിയിൽ സ്പൈനൽ കനാൽ ചുരുങ്ങുന്ന രോഗാവസ്ഥയാണ് ഡിജനറേറ്റീവ് സ്പൈനൽ സ്റ്റെനോസിസ്. കടുത്ത നടുവേദനയും ദീർഘനേരം നടക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി കിംസ്ഹെൽത്തിൽ ചികിത്സ തേടിയത്.
തുടർന്ന് നടത്തിയ എം.ആർ.ഐ പരിശോധനയിൽ സുഷുമ്നാ നാഡിയിലും നാഡീവ്യൂഹങ്ങളിലും സമ്മർദ്ദമുണ്ടാക്കുന്ന വിധത്തിൽ സ്പൈനൽ കനാൽ ചുരുങ്ങിയതായി കണ്ടെത്തി. നാഡികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഈ അവസ്ഥ വേദന, മരവിപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട്, പേശികളുടെ ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകാം.
വിദഗ്ധ പരിശോധനകൾക്കു പിന്നാലെ ശസ്ത്രക്രിയ നിർദേശിച്ചു. കിംസ്ഹെൽത്ത് ഓർത്തോപീഡിക് സ്പൈൻ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. രഞ്ജിത് ഉണ്ണികൃഷ്ണനാണ് ‘എൻഡോസ്കോപ്പിക് ഡീകംപ്രഷൻ ആൻഡ് ഫിക്സേഷൻ’ എന്ന മിനിമലി ഇൻവേസീവ് ശസ്ത്രക്രിയാരീതി നിർദേശിച്ചത്. നട്ടെല്ലിന്റെ സ്ഥിരതയും ഘടനയും സംരക്ഷിച്ചുകൊണ്ട് നാഡികളിലെ സമ്മർദ്ദം കുറയ്ക്കുകയാണ് ഈ ചികിത്സാരീതിയുടെ ലക്ഷ്യം.
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നട്ടെല്ലിലെ L4-L5 ഭാഗത്തെ നാഡികളിലുണ്ടായിരുന്ന സമ്മർദ്ദം നീക്കം ചെയ്തു. തുടർന്ന് മെറ്റൽ ഫിക്സേഷൻ വഴി നട്ടെല്ലിന്റെ സ്ഥിരത ഉറപ്പാക്കിയതായും ആശുപത്രി അറിയിച്ചു.
“മുതിർന്നവരിൽ ചലനശേഷിയെയും ജീവിതനിലവാരത്തെയും സാരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് ഡിജനറേറ്റീവ് സ്പൈനൽ സ്റ്റെനോസിസ്. എൻഡോസ്കോപ്പിക് ഡീകംപ്രഷൻ ആൻഡ് ഫിക്സേഷൻ രീതിയിലൂടെ നട്ടെല്ലിന്റെ ഘടനയിൽ മാറ്റം വരുത്താതെ തന്നെ നാഡികളിലെ സമ്മർദ്ദം പൂർണമായി ഒഴിവാക്കാൻ സാധിച്ചു,” എന്ന് ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ പറഞ്ഞു.
അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജേക്കബ് ജോൺ തിയോഫിലിസും ശസ്ത്രക്രിയയുടെ ഭാഗമായി.
Story Summary:
KIMSHEALTH, Thiruvananthapuram, treated a 72-year-old Maldivian patient suffering from degenerative spinal stenosis through a minimally invasive endoscopic decompression and fixation procedure. An MRI scan revealed narrowing of the spinal canal and pressure on the nerves at the L4-L5 level. The three-hour surgery was performed by Dr Ranjith Unnikrishnan, with support from senior consultant anaesthesiologist Dr Jacob John Theophilis.




