Skip to content
November 27, 2026
⌕

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി കുടിയേറ്റക്കാരെ പഴി പറഞ്ഞ് പ്രധാനമന്ത്രി; മിഹോള്‍ വെറുതേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല !

November 27, 2026
Share this post to

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവനരാഹിത്യത്തിന് കുടിയേറ്റവും ഘടകമാണെന്ന പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു. താമസസൗകര്യങ്ങളുടെ കാര്യത്തില്‍ കുടിയേറ്റം സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യം തുറന്നുപറയേണ്ടതുണ്ടെന്നുമാണ് ചൊവ്വാഴ്ച ഡെയ്ലില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

എന്നാല്‍ കുടിയേറ്റത്തെ ഭവനപ്രതിസന്ധിയുമായി ബന്ധപ്പെടുത്തി നടത്തുന്ന ചര്‍ച്ചകള്‍ക്കൊപ്പം, കുടിയേറ്റക്കാരെയും പരിഹാരശ്രമങ്ങളില്‍ പങ്കാളികളാക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതില്ലേ എന്ന ചോദ്യവും ഇതോടൊപ്പം പ്രസക്തമാവുകയാണ്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ആരോഗ്യസേവനങ്ങളിലും നിര്‍മാണമേഖലയിലും വിവരസാങ്കേതിക രംഗത്തും നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന കുടിയേറ്റ സമൂഹത്തിന് ഭവനപ്രതിസന്ധിയുടെ പരിഹാരത്തിലും പങ്കുവഹിക്കാനാകും.യാതൊരു തത്വദീക്ഷയും, പരിശോധനകളുമില്ലാതെ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യം എല്ലാ കുടിയേറ്റക്കാരെയും അടച്ചു വിമര്‍ശിക്കുന്നതില്‍ കഴമ്പില്ലെന്ന അഭിപ്രായവുമായി കുടിയേറ്റക്കാരുടെ സംഘടനകളും രംഗത്ത് വന്നുകഴിഞ്ഞു.

കോടികളുടെ വരുമാനം; എന്നിട്ടും കുട്ടികള്‍ക്ക് വീടില്ല

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ 184 ബില്യണ്‍ യൂറോയോളം വരുമാനം ലഭിച്ചിട്ടും രാജ്യത്ത് കുട്ടികളുടെ ഭവനരാഹിത്യവും ദാരിദ്ര്യവും ഗുരുതരമായി തുടരുന്നതിനെക്കുറിച്ച് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ടി.ഡി. ഡാനിയല്‍ എനിസ് ഉന്നയിച്ച ചോദ്യമാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

കുട്ടികള്‍ രാവിലെ വിശന്നാണ് സ്‌കൂളില്‍ പോകുന്നതെന്നും രാത്രി വിശന്നുതന്നെ ഉറങ്ങേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും എനിസ് ചൂണ്ടിക്കാട്ടി. കുട്ടികളുടെ ദാരിദ്ര്യം കുറയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസും സര്‍ക്കാരിന്റെ പ്രത്യേക പദ്ധതികളും എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോര്‍പ്പറേഷന്‍ നികുതിയില്‍നിന്നുള്ള വരുമാനം രാജ്യത്തെ സാമൂഹിക സേവനങ്ങള്‍ വിപുലീകരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കുടുംബങ്ങളുടെ ഭവനരാഹിത്യം ഗുരുതരമായ പ്രശ്‌നമാണെന്ന് സമ്മതിച്ച മാര്‍ട്ടിന്‍, അടിയന്തര താമസസൗകര്യങ്ങളില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട സമ്മര്‍ദമുണ്ടെന്നും വ്യക്തമാക്കി.

വലിയ കുടുംബങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ മുഖേന വീടുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ചില പ്രദേശങ്ങളില്‍ എതിര്‍പ്പുണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭവനരഹിതരായ വിദേശികള്‍; കണക്കുകള്‍ പറയാത്ത കാര്യങ്ങള്‍

രാജ്യത്ത് അടിയന്തര താമസകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം സെപ്റ്റംബറില്‍ 18,065 ആയി ഉയര്‍ന്നു. ഇവരില്‍ 5,897 പേര്‍ കുട്ടികളാണ്. മുതിര്‍ന്നവരില്‍ പകുതിയോളം പേര്‍ ഐറിഷ് പൗരന്മാരല്ലെന്നതാണ് ഔദ്യോഗിക കണക്ക്.

എന്നാല്‍ വിദേശ പൗരന്മാരാണെന്നു മാത്രമല്ല ,അവരില്‍ ഭൂരിപക്ഷവും അഭയാര്‍ത്ഥികളാണ് എന്നതാണ് സര്‍ക്കാര്‍ മറച്ചു വെയ്ക്കുന്ന വസ്തുത.

വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരും നികുതി നല്‍കുന്നവരും വിദേശ പൗരന്മാരില്‍ ഉള്‍പ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍, തൊഴില്‍ പെര്‍മിറ്റുകളില്‍ എത്തിയവര്‍, അവരുടെ കുടുംബാംഗങ്ങള്‍, അഭയാര്‍ഥി പദവി ലഭിച്ചവര്‍ എന്നിവരെല്ലാം വ്യത്യസ്ത സാഹചര്യങ്ങളിലാണ് രാജ്യത്ത് കഴിയുന്നത്.

വാടക വര്‍ധന, വാടകവീടുകളില്‍നിന്നുള്ള ഒഴിപ്പിക്കല്‍, വരുമാനക്കുറവ്, ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ലാത്ത സാഹചര്യം എന്നിവയും ആളുകളെ ഭവനരാഹിത്യത്തിലേക്ക് തള്ളിവിടുന്ന ഘടകങ്ങളാണ്.

അടിയന്തര താമസകേന്ദ്രങ്ങളില്‍ കഴിയുന്ന വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് നിയമപരമായി താമസിക്കാനും അര്‍ഹതയനുസരിച്ച് ഭവനസഹായം ലഭിക്കാനും അവകാശമുണ്ടെന്ന് ഭവനമന്ത്രി ജെയിംസ് ബ്രൗണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

തൊഴിലാളികളെ ക്ഷണിക്കുമ്പോള്‍ താമസസൗകര്യവും ഉറപ്പാക്കേണ്ടതില്ലേ?

ആരോഗ്യരംഗത്തും വയോജന പരിചരണ മേഖലയിലും നിര്‍മാണരംഗത്തും സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലും ആവശ്യത്തിന് തൊഴിലാളികളെ കണ്ടെത്താന്‍ അയര്‍ലണ്ട് വിദേശ റിക്രൂട്ട്‌മെന്റിനെ ആശ്രയിക്കുന്നുണ്ട്.

രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിയമപരമായി തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുകയും വിദേശ തൊഴിലാളികളെ ക്ഷണിക്കുകയും ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും ആസൂത്രണം ചെയ്യേണ്ടതുണ്ട്.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ കണക്കനുസരിച്ച് 2026 ഏപ്രിലില്‍ അയര്‍ലണ്ടിലെ ജനസംഖ്യ 55.25 ലക്ഷം പിന്നിട്ടു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 66,900 പേരുടെ വര്‍ധനയാണ് ഉണ്ടായത്. ജനസംഖ്യാവര്‍ധനയുടെ പ്രധാന ഘടകങ്ങളിലൊന്ന് കുടിയേറ്റമാണ്.

ഈ വളര്‍ച്ച കണക്കിലെടുത്ത് ഭവനനിര്‍മാണം, പൊതുഗതാഗതം, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഏകോപിപ്പിക്കേണ്ടതുണ്ട്.

കുടിയേറ്റക്കാരോടും ചോദിക്കാം; പരിഹാര നിര്‍ദേശങ്ങള്‍ സ്വീകരിക്കാം

ഭവനപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിയമാനുസൃതമായി അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാരുടെയും അവരുടെ സംഘടനകളുടെയും അഭിപ്രായങ്ങള്‍ നേരിട്ട് സ്വീകരിക്കുന്നതിനുള്ള സാധ്യത സര്‍ക്കാരിനു മുന്നിലുണ്ട്.

കുടിയേറ്റ സമൂഹത്തില്‍ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, നിര്‍മാണവിദഗ്ധര്‍, സംരംഭകര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരുണ്ട്. ഇവരുടെ അറിവും അനുഭവസമ്പത്തും ഭവനവികസന പദ്ധതികളില്‍ പ്രയോജനപ്പെടുത്താനാകും.

ഭവനവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കുടിയേറ്റ സംഘടനകളെയും തൊഴിലുടമകളെയും ഭവനനിര്‍മാണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പ്രത്യേക കൂടിയാലോചനാ വേദികള്‍ രൂപീകരിക്കാവുന്നതാണ്.

ഇത്തരം ചര്‍ച്ചകളില്‍നിന്ന് ഉയര്‍ന്നുവരുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ പരിശോധിച്ച് പൈലറ്റ് പദ്ധതികളായി നടപ്പാക്കാനുള്ള സാധ്യതയും പരിഗണിക്കാം.

നിലവില്‍ ഒരു സംഘം നിര്‍മ്മാണ സിണ്ടിക്കേറ്റുകളുടെ പിടിയിലാണ് രാജ്യത്തെ ഭവനനിര്‍മ്മാണ മേഖല. യാഥാര്‍ഥ്യത്തെ മറച്ചുവെയ്ക്കാനുള്ള ശ്രമമാണ് കുടിയേറ്റക്കാരുടെ മേല്‍ കുറ്റമാരോപിക്കുന്നതിലൂടെ പ്രധാനമന്ത്രി ചെയ്യുന്നത്.

സഹകരണ ഭവനപദ്ധതികള്‍ പരീക്ഷിക്കാമോ?

സ്ഥിരവരുമാനമുള്ള നിരവധി വിദേശ തൊഴിലാളികള്‍ക്ക് സ്വന്തമായി വീട് വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും ഉയര്‍ന്ന വീടുവിലയും വായ്പ ലഭിക്കുന്നതിലെ പരിമിതികളും തടസ്സമാകുന്നുണ്ട്.

സഹകരണ ഭവനസംഘങ്ങള്‍ രൂപീകരിച്ച് അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ വീടുകള്‍ നിര്‍മിക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന മാതൃക പരിഗണിക്കാവുന്നതാണ്.

സര്‍ക്കാര്‍ ഭൂമി ദീര്‍ഘകാല പാട്ടത്തിന് അനുവദിക്കുക, കുറഞ്ഞ പലിശയില്‍ നിര്‍മാണ വായ്പ ലഭ്യമാക്കുക, ലാഭേച്ഛയില്ലാത്ത ഭവനസ്ഥാപനങ്ങളുമായി സഹകരിക്കുക, വാടകയിലൂടെ പിന്നീട് വീടിന്റെ ഉടമസ്ഥാവകാശം നേടുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിക്കുക തുടങ്ങിയവ ഇതിനുള്ള സാധ്യതകളാണ്.

ഐറിഷ് പൗരന്മാര്‍ക്കും നിയമാനുസൃതമായി താമസിക്കുന്ന വിദേശികള്‍ക്കും ഒരേ അര്‍ഹതാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കാം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക ഭവനപദ്ധതികള്‍

ആശുപത്രികളോടും നഴ്സിങ് ഹോമുകളോടും ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി താമസസൗകര്യങ്ങള്‍ ഒരുക്കുന്നതും പരിഗണിക്കാവുന്നതാണ്.

തൊഴിലുടമകളും ഭവനനിര്‍മാണ സ്ഥാപനങ്ങളും സര്‍ക്കാരും സഹകരിച്ച് ഇത്തരം പദ്ധതികള്‍ നടപ്പാക്കിയാല്‍ പൊതുവാടക വിപണിയിലെ സമ്മര്‍ദം കുറയ്ക്കുന്നതിനും ജീവനക്കാരെ നിലനിര്‍ത്തുന്നതിനും സഹായകമായേക്കും. അതേസമയം തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ താമസസൗകര്യവും നഷ്ടപ്പെടാതിരിക്കാനുള്ള സംരക്ഷണ വ്യവസ്ഥകളും ആവശ്യമാണ്.

ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍ നവീകരിച്ച് താമസയോഗ്യമാക്കുക, മോഡുലാര്‍ ഭവനങ്ങള്‍ നിര്‍മിക്കുക, ചെലവുകുറഞ്ഞ നിര്‍മാണ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ഭവനപ്രതിസന്ധിക്കുള്ള ബദല്‍ മാര്‍ഗങ്ങളാണ്.

സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തണം

സാമൂഹിക ഭവനങ്ങള്‍, അഫോഡബിൾ വിലയിലുള്ള വീടുകള്‍, കോസ്റ്റ് റെന്റല്‍ പദ്ധതികള്‍, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ നവീകരണം എന്നിവ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഇതിനകം ഭവനവികസന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി അടിയന്തര താമസകേന്ദ്രങ്ങളില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി നിലവിലുള്ള വീടുകള്‍ വാങ്ങാന്‍ 2026ല്‍ 100 മില്യണ്‍ യൂറോയുടെ മൂലധന സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതികള്‍ എത്രത്തോളം ഫലപ്രദമായി നടപ്പാക്കപ്പെടുന്നുവെന്നതും ഭവനനിര്‍മാണം ജനസംഖ്യാവര്‍ധനയ്ക്ക് ആനുപാതികമായി ഉയരുന്നുണ്ടോയെന്നതുമാണ് ഇനി വിലയിരുത്തേണ്ടത്.

പ്രശ്‌നത്തിന്റെ ഭാഗമെന്നതിലുപരി പരിഹാരത്തിന്റെ പങ്കാളികള്‍

കുടിയേറ്റം ഭവനാവശ്യകത വര്‍ധിപ്പിക്കുന്ന ഘടകമാണെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അതേസമയം കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ ഉല്‍പാദനക്ഷമതയ്ക്കും നികുതി വരുമാനത്തിനും പൊതുസേവനങ്ങള്‍ക്കും നല്‍കുന്ന സംഭാവനകളും ആ ചര്‍ച്ചയില്‍ ഉള്‍പ്പെടേണ്ടതുണ്ട്.

ഭവനപ്രതിസന്ധി നേരിടുന്ന ഐറിഷ് കുടുംബങ്ങള്‍ക്കും കുടിയേറ്റ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ താമസസൗകര്യം ലഭ്യമാക്കുക എന്ന പൊതുലക്ഷ്യത്തില്‍ ഊന്നിയുള്ള പരിഹാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒന്നാം സ്ഥാനം നല്‍കേണ്ടത്.

Get more updates from Pudukad News on Google