
കൊല്ലം ഏരൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ കിട്ടൻകോണം സ്വദേശിയായ ആനന്ദാണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കടന്ന് ആക്രമിക്കാൻ ശ്രമിച്ചതിനാണ് നടപടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചോക്ലേറ്റുമായി പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്ന ഇയാളെക്കുറിച്ച് കുട്ടിയുടെ മാതാവ് സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഇത് വകവെക്കാതെ ഇന്ന് വീണ്ടും സ്കൂൾ മതിൽ ചാടിക്കടന്ന് എത്തിയ ആനന്ദ്, കുട്ടി ചോക്ലേറ്റ് നിരസിച്ചതോടെ പ്രകോപിതനായി. തുടർന്ന് പെൺകുട്ടിയുടെ കൈയ്ക്ക് കടന്നുപിടിക്കുകയും സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ കയ്യിൽ കടിച്ച് രക്ഷപ്പെട്ട കുട്ടി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.
Also Read: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് റിമാൻഡിൽ
സംഭവശേഷം മതിൽ ചാടി രക്ഷപ്പെട്ട പ്രതി സ്കൂളിന് സമീപത്തെ കടയിൽ ഒളിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചിലിൽ കടയ്ക്കുള്ളിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയുടെ വാഹനം സമീപത്തുതന്നെ ഉണ്ടായിരുന്നത് തിരച്ചിലിന് സഹായമായി. പോക്സോ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post ചോക്ലേറ്റ് നിരസിച്ചതിന് വിദ്യാർത്ഥിനിയെ വലിച്ചിഴച്ചു; ഏരൂരിൽ 19-കാരൻ അറസ്റ്റിൽ appeared first on Express Kerala.



