
ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളിയാണിപ്പോൾ അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്. അതായത് ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ തന്നെ വധിക്കുമെന്ന കൃത്യമായ മുന്നറിയിപ്പാണിത്.
2024-ൽ പെൻസിൽവാനിയയിൽ നടന്ന ഒരു പ്രചാരണ റാലിയിൽ, ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതിന്റെ പ്രകോപനപരമായ ചിത്രം സംപ്രേഷണം ചെയ്തുകൊണ്ട്, ഇത്തവണ ബുള്ളറ്റ് മിസ് ചെയ്യില്ല എന്നാണ് ഇറാൻ സ്റ്റേറ്റ് ടി.വി അമേരിക്കൻ പ്രസിഡൻ്റിനു നേരെ നേരിട്ട്’ ഭീഷണി മുഴക്കിയിരിക്കുന്നത്. ലോക രാജ്യങ്ങളെ മാത്രമല്ല, അമേരിക്കൻ ഉന്നതരെയും ഞെട്ടിച്ച പ്രകോപനമാണിത്.
ഇറാനിലെ “പ്രതിഷേധക്കാരെ കൊല്ലുന്നത്” നിർത്താൻ അമേരിക്കൻ പ്രസിഡൻ്റ് ഇറാന് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ്, മുൻപ് നടന്ന ട്രംപിനെതിരായ വധശ്രമത്തിന്റെ ചിത്രങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടിവിയിൽ സംപ്രേഷണം ചെയ്തത്, “അവിടെ അദ്ദേഹം വെടിയുണ്ട തട്ടിമാറ്റി, അത് അദ്ദേഹത്തിന്റെ ചെവിക്ക് തൊട്ടുസമീപം കടന്നുപോയി. എന്നാൽ, തങ്ങൾ ഉന്നംവച്ചാൽ തെറ്റില്ലന്ന് തന്നെയാണ് ഇറാൻ്റെ മുന്നറിയിപ്പ്.
ഇറാൻ്റെ ഈ ഔദ്യോഗിക വാർത്താ ചാനലിൻ്റെ ദൃശ്യങ്ങളിൽ, രക്തം ചിതറുന്ന ട്രംപിൻ്റെ ചെവിക്ക് സമീപം സുരക്ഷാ ഏജന്റുമാർ വലയം ചെയ്തിരിക്കുന്ന ഫോട്ടോയും കൊടുത്തിട്ടുണ്ട്. ഇതിന് ഒപ്പമാണ് “ഇത്തവണ അത് ലക്ഷ്യം തെറ്റില്ല” എന്ന് പേർഷ്യൻ ഭാഷയിൽ എഴുതിയ ഒരു ഭയാനകമായ മുന്നറിയിപ്പുള്ളത്.
‘ബുള്ളറ്റ് മിസ് ചെയ്യില്ല’ എന്ന ഞെട്ടിക്കുന്ന സന്ദേശം ഇറാൻ ഔദ്യോഗിക ടിവിയിൽ സംപ്രേഷണം ചെയ്തതിന് ശേഷമാണ്, ഇറാന് എതിരായി കഴിഞ്ഞ ദിവസം രാത്രി നടത്താൻ നിശ്ചയിച്ച ആക്രമണത്തിൽ നിന്നും താൽക്കാലികമായാണെങ്കിൽ പോലും അമേരിക്ക പിൻവാങ്ങിയിരിക്കുന്നത്.
ഇറാന് എതിരായ ഏതൊരു സൈനിക നടപടിയും , അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വൻ തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവും ഈ പിൻമാറ്റത്തിന് പിന്നിലുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാന സൈനിക ശക്തിയായ ഇറാനെ, ആര് ആകമിച്ചാലും പ്രത്യാഘാതം ഗുരുതരമാകുമെന്ന് മുന്നറിയിപ്പ് നൽകിയ റഷ്യ, അവരുടെ തന്ത്രപ്രധാന ഇൻ്റലിജൻസ് വിവരങ്ങൾ ഇറാന് കൈമാറി തുടങ്ങിയതും അമേരിക്കയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ ഇൻ്റലിജൻസ് വിവരങ്ങളും, ടെക്നോളജിയും ഇറാന് ലഭ്യമാകുന്നത്, അമേരിക്കൻ യുദ്ധകപ്പലുകൾക്കും, സൈനിക താവളങ്ങൾക്കും നേരെ കൃത്യതയാർന്ന ആക്രമണം നടത്താൻ ഇറാനെ പര്യാപ്തമാക്കുന്നതാണ്.
Also Read: അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ മാസ്റ്റർ പ്ലാൻ; റഡാറുകളെ വെട്ടിച്ച് ആകാശത്ത് നിഗൂഢ വിമാനങ്ങൾ!
അതായത്, ഇറാൻ്റെ മിസൈൽ കരുത്തും, റഷ്യൻ സംവിധാനവും ഒത്തു ചേർന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും അമേരിക്കയും അവരുടെ സഖ്യകക്ഷികളും ഏറ്റുവാങ്ങുക എന്നതാണ് യാഥാർത്ഥ്യം. ഇത്, വൈകിയാണെങ്കിലും അമേരിക്കൻ ഉന്നതരും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുമെന്ന്, ഖത്തറിനും, സൗദി അറേബ്യയ്ക്കും ഉൾപ്പെടെ ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ, തങ്ങളുടെ മണ്ണ് ഇറാന് എതിരായ ആക്രമണത്തിന് ഉപയോഗിക്കരുതെന്ന് ഗൾഫ് രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും അമേരിക്കയെ പ്രതിരോധത്തിലാക്കിയ ഘടകമാണ്.
മറഞ്ഞിരുന്ന് കുറുക്കൻ്റെ കൗശലത്തോടെ ഇറാന് എതിരെ കരുക്കൾ നീക്കുന്ന ഇസ്രയേലിൻ്റെ മുഖവും, ഇറാൻ വലിച്ച് കീറിയിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും സ്പോൺസർ ചെയ്യുന്ന കലാപമാണ് ഇറാനിൽ നടക്കുന്നതെന്ന ബോധ്യം ഇറാൻ ഭരണകൂടത്തിന് മാത്രമല്ല, ഇപ്പോൾ ഇറാൻ ജനതയ്ക്കുമുണ്ട്. അതുകൊണ്ടാണ്, കലാപകാരികളെ എതിർത്തും, ആയത്തുള്ള അലി ഖമേനി എന്ന ഇറാൻ്റെ പരമോന്നത നേതാവിനെ പിന്തുണച്ചും, ലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോൾ തെരുവിൽ ഇറങ്ങിയിരിക്കുന്നത്.
1989, 1993, 2001,2009, 2017, 2021 കാലഘട്ടങ്ങളിലെ അമേരിക്കൻ പ്രസിഡൻ്റുമാർ വിചാരിച്ചിട്ട് നടക്കാത്ത അട്ടിമറി, ഈ 2026-ൽ ഇറാനിൽ നടത്തി കളയാമെന്ന് ഡൊണാൾഡ് ട്രംപ് കരുതിയത് തന്നെ, അദ്ദേഹത്തിൻ്റെ മാനസികാവസ്ഥ തകരാറിലാണെന്നതിന് ഉദാഹരണമാണ്.
സ്വന്തം രാജ്യത്തിനായി പോരാടി മരിക്കണമെന്ന് ആഗ്രഹിക്കുന്ന മാനസികാവസ്ഥയിലുള്ള ജനതയാണ് ഇറാനിലുള്ളത്. മരണത്തെ ഭയമില്ലാത്ത ആ ജനതയ്ക്ക് മുന്നിലേക്ക്, ഏത് സൈന്യത്തെ അമേരിക്ക കെട്ടിറക്കിയാലും, അവരുടെ ശവശരീരം പോലും ബാക്കി കാണുകയില്ല. ഇപ്പോൾ ഇറാനിൽ കുഴപ്പം ഉണ്ടാക്കാൻ ഇറങ്ങിയ കലാപകാരികൾക്ക് എതിരെ യഥാർത്ഥത്തിൽ പ്രതികാരം ചെയ്യുന്നതും, ഇതേ ജനത തന്നെയാണ്. ചാരൻമാരും രാജ്യ ദ്രോഹികളും , സ്വന്തം പൗരൻമാർ ആയാൽ പോലും അവരെ കൈകാര്യം ചെയ്യാനുള്ള അവകാശം , ആ നാട്ടിലെ സുരക്ഷാ സേനകൾക്ക് മാത്രമല്ല, രാജ്യ സ്നേഹികൾക്കുമുണ്ട്. അത് ചോദ്യം ചെയ്യാനുള്ള അവകാശമൊന്നും, മറ്റൊരു രാജ്യത്തിനും ഇല്ല.
ഇപ്പോൾ, ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിൻമാറുന്നതിന് കാരണമായി ഡോണൾഡ് ട്രംപ് പറയുന്നത്, ഇറാൻ പ്രക്ഷോഭകാരിക്കള വധിക്കില്ലന്ന് ഉറപ്പ് നൽകി എന്നാണ്. ഇതിൽപരം ഒരു ഗതികേട് ഒരു അമേരിക്കൻ പ്രസിഡൻ്റിനും ഉണ്ടായിട്ടുണ്ടാകുകയില്ല. ട്രംപിനെ അറിയിച്ചിട്ടാണോ ഇറാൻ, ആ രാജ്യത്തെ രാജ്യ ദ്രോഹികളെ വധിക്കുക എന്ന സ്വാഭാവികമായ ചോദ്യം ഉയരുന്നതും ഇവിടെയാണ്.
ഇറാൻ്റെ പരമാധികാരത്തെ ആരുടെ മുന്നിലും പണയം വയ്ക്കില്ലന്ന ഉറച്ച നിലപാടുള്ള ഒരു ഭരണകൂടമാണ് ഇറാനെ ഇപ്പോൾ നയിക്കുന്നത്. ട്രംപിൻ്റെ വാദങ്ങൾക്ക് ഒരടിസ്ഥാനവും ഇല്ലന്നതിൻ്റെ നേർചിത്രമാണ് ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്ത് വിട്ട ചിത്രത്തിലൂടെയും വ്യക്തമാകുന്നത്. ഇറാനെ ആക്രമിച്ചാൽ ട്രംപിനെ തന്നെ കൊല്ലുമെന്ന് പറയാനുള്ള ധൈര്യം ഇറാനുണ്ടെങ്കിൽ, അവരുടെ ശേഷി ലോകം കണ്ടതിലും അപ്പുറമാണ് എന്നതും വ്യക്തമാണ്. മറ്റ് രാജ്യങ്ങളിൽ കയറി അധിനിവേശം നടത്തിയ പോലെയോ, വെനസ്വേല പ്രസിഡൻ്റിനെ തന്നെ തട്ടികൊണ്ടു പോന്ന പോലെയോ എളുപ്പത്തിൽ ഇറാനെ വരുതിയിലാക്കാമെന്ന അമേരിക്കയുടെ കണക്ക് കൂട്ടലുകളാണ് ഇപ്പോൾ പിഴച്ചിരിക്കുന്നത്.

യഥാർത്ഥത്തിൽ, ഇപ്പോൾ അമേരിക്കയും, ഇസ്രയേലും തങ്ങളെ ആക്രമിക്കണമെന്നാണ് ഇറാൻ ഭരണകൂടും ആഗ്രഹിക്കുന്നുണ്ടാകുക. കാരണം ഇത്രമാത്രം അമേരിക്കയ്ക്ക് എതിരായ ലോക രാജ്യങ്ങളുടെ വികാരം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ല. ഇറാനിൽ അമേരിക്കൻ സ്പോൺസേർഡ് പ്രക്ഷോഭം നടക്കുന്നതിനാൽ ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്താനും അമേരിക്കയ്ക്ക് കഴിയുകയില്ല. ഇതോടെ ഇറാൻ ഭരണകൂടത്തിനാണ് കാര്യങ്ങൾ എളുപ്പമാകുക. മുന്നും പിന്നും നോക്കാതെ, ഇറാൻ സൈന്യത്തിന് അമേരിക്കൻ താവളങ്ങൾക്കും ഇസ്രയേലിനും എതിരെ മിസൈൽ വർഷിക്കാനും, ഈ അവസരം ഗുണം ചെയ്യുമെന്നാണ് പ്രതിരോധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ആറ് മാസം മുൻപ് നടന്ന ഇറാൻ – ഇസ്രയേൽ ഏറ്റുമുട്ടലിനു ശേഷം, വലിയ തോതിലുള്ള ആയുധ സംഭരണമാണ് ഇറാൻ നടത്തിയിരിക്കുന്നത്. അതാകട്ടെ, വലിയ യുദ്ധം മുന്നിൽ കണ്ടുമാണ്. ഇതെല്ലാം എടുത്തിട്ട് പ്രയോഗിക്കാൻ അവസരം കിട്ടിയാൽ ഇറാൻ സൈന്യം അതൊരിക്കലും പാഴാക്കുകയില്ല. യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാലും ഇല്ലങ്കിലും, റഷ്യയും ചൈനയും ഉത്തര കൊറിയയും ആയുധങ്ങൾ യഥേഷ്ടം നൽകി ഇറാനെ സഹായിക്കുമെന്നതും ഉറപ്പാണ്.
സ്വന്തം സൈനിക സഖ്യമായ നാറ്റോയിൽ ഉൾപ്പെട്ട രാജ്യത്ത് പോലും അധിനിവേശം നടത്താൻ തുനിഞ്ഞിറങ്ങിയ അമേരിക്കയ്ക്ക്, ഒരു വഞ്ചക രാജ്യത്തിൻ്റെ പ്രതിച്ഛായയാണ്, അന്താരാഷ്ട്ര തലത്തിൽ നിലവിലുള്ളത്. ഇതും ഇറാനാണ് ഗുണം ചെയ്യാൻ പോകുന്നത്. നിക്കോളാസ് മഡൂറയെ തട്ടികൊണ്ടു പോയി രണ്ടാംകിട ഗുണ്ടകളുടെ സ്വഭാവം കാണിച്ച ട്രംപ് ഭരണകൂടം, പിന്നീട് പ്രഖ്യാപിച്ചത് ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്നതാണ്. ഇതിനെതിരെ നാറ്റോ സഖ്യകക്ഷികളും യൂറോപ്യൻ യൂണിയനും ശക്തമായ എതിർപ്പ് അറിയിച്ചിട്ടും അമേരിക്ക പിൻമാറിയിട്ടില്ല.
ഇതിനിടെയാണിപ്പോൾ അവർ, ഇറാനെ ലക്ഷ്യമിട്ട് ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ ഇറാനെതിരെ നടപടിയെന്ന് വീരവാദം മുഴക്കിയ ട്രംപിന്, ഇറാൻ്റെ മുന്നറിയിപ്പിന് മുന്നിലിപ്പോൾ മുട്ടിടിച്ചു എന്നു തന്നെ പറയേണ്ടി വരും.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ അരലക്ഷം സൈനികരെയും അവരുടെ യുദ്ധകപ്പലുകളെയും കത്തിച്ചു കളയുമെന്ന് മാത്രമല്ല, സാക്ഷാൽ ട്രംപിനെ തന്നെ വധിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാത്രമല്ല അമേരിക്കൻ പ്രസിഡൻ്റ് എന്നതിനപ്പുറം വലിയ ഒരു ബിസിനസ്സുകാരൻ കൂടിയായ ട്രംപിനും കുടുംബത്തിനും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ ബിസിനസ്സ് സാമ്രാജ്യങ്ങൾ കൂടിയുണ്ട്. ഇതും ഇറാൻ്റെ പ്രോക്സി ഗ്രൂപ്പുകൾ തകർക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന രാജ്യമാണ് ഇറാൻ എന്നത് ബോധ്യമുള്ളതു കൊണ്ടു കൂടിയാണ് ട്രംപ് ഭരണകൂടം ഇപ്പോൾ പിറകോട്ടടിച്ചിരിക്കുന്നത്. അതാകട്ടെ വ്യക്തവുമാണ്. ഇനി ഈ നിലപാടും മാറ്റി അമേരിക്ക അവരുടെ തനിസ്വഭാവം കാണിച്ചാൽ പിന്നെ നടക്കാൻ പോകുന്നത്, അമേരിക്കൻ താവളങ്ങളിലെ കൂട്ടകുരുതി കൂടിയായിരിക്കും എന്നതും ട്രംപ് ഭരണകൂടം ഓർക്കുന്നത് നല്ലതായിരിക്കും.
EXPRESS VIEW
വീഡിയോ കാണാം…
The post ട്രംപിനെ വധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ, പേർഷ്യൻ പോരാളികളുടെ നീക്കത്തിൽ ഞെട്ടി അമേരിക്ക appeared first on Express Kerala.



