
തിരുനാവായ: കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെ ഇന്ന് തുടക്കമായി. ജനുവരി 19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹോത്സവം നടക്കുന്നത്. നാവാമുകുന്ദ ക്ഷേത്രപരിസരത്ത് 19-ന് രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനം ചെയ്യും. ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ദേവതാവന്ദനങ്ങളോടെയും പിതൃകർമങ്ങളോടെയുമാണ് പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ ആറുമുതൽ ആയിനിപ്പുള്ളി വൈശാഖിന്റെ കാർമ്മികത്വത്തിൽ വീരസാധനക്രിയ നടന്നു. ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി വൈദിക ശ്രാദ്ധകർമം നടത്തുന്നതോടെ മേളയ്ക്ക് ഔദ്യോഗികമായ തുടക്കമാകും.
Also Read: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.പി. ശങ്കരദാസ് റിമാൻഡിൽ
പുഴയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും, സംഘാടകർ ജില്ലാ കളക്ടർ വി.ആർ. വിനോദുമായി നടത്തിയ ചർച്ചയെത്തുടർന്ന് കർശന നിബന്ധനകളോടെ ചടങ്ങുകൾ തുടരാൻ വാക്കാൽ അനുമതി ലഭിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.
The post കേരളത്തിന്റെ കുംഭമേള; തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയിൽ ഇന്ന് തുടക്കമായി appeared first on Express Kerala.



